2034 ഫുട്‌ബോള്‍ ലോകകപ്പ്; വേദി പ്രഖ്യാപിച്ച് ഫിഫ

2034ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫന്റീനോ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇന്‍ഫന്റീനോയുടെ പ്രഖ്യാപനം. ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തില്‍നിന്ന് ഓസ്‌ട്രേലിയ പിന്മാറിയതോടെയാണ് സൗദിയ്ക്ക് നറുക്ക് വീണത്.

ഫിഫ ലോകകപ്പിന്റെ അടുത്ത പതിപ്പ് 2026ല്‍ വടക്കേ അമേരിക്കന്‍ രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ, യുഎസ് എന്നിവിടങ്ങളില്‍ നടക്കും. 2030ല്‍ ആഫ്രിക്കയിലും (മൊറോക്കോ) യൂറോപ്പിലുമായി (പോര്‍ച്ചുഗല്‍, സ്‌പെയിന്‍) ലോകകപ്പ് അരങ്ങേറും. ഇതിന്റെ ഭാഗമായുള്ള പ്രദര്‍ശന മത്സരങ്ങള്‍ തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റിന, പാരഗ്വായ്, യുറഗ്വായ് എന്നിവടങ്ങിലും നടക്കും.

2034ല്‍ ഏഷ്യയില്‍ നടക്കുന്ന ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. മൂന്നു പതിപ്പുകള്‍, അഞ്ച് ഭൂഖണ്ഡങ്ങള്‍, മത്സരങ്ങള്‍ക്ക് വേദിയാകാന്‍ പത്ത് രാജ്യങ്ങള്‍ അത് ഫുട്‌ബോളിനെ അക്ഷരാര്‍ഥത്തില്‍ ആഗോള കായികയിനമാക്കുന്നു- ഇന്‍ഫന്റീനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. മണിക്കൂറുകള്‍ക്ക് മുമ്പാണ് ബിഡില്‍നിന്ന് പിന്‍വാങ്ങുന്നതായി ഓസ്ട്രേലിയ അറിയിച്ചത്. 2034 ലോകകപ്പ് ഫുട്ബോളിന് വേദിയാകാന്‍ ഓസ്ട്രേലിയ, ഇന്തൊനീഷ്യ, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായി പദ്ധതിയിടുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.