"എനിക്ക് ഒരു സന്ദേശം നൽകണമായിരുന്നു": വിവാഹമോചന ദിനത്തിൽ 'ബീ യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി' ടീ-ഷർട്ട് ധരിച്ചതിന്റെ കാരണം വെളിപ്പെടുത്തി ചഹൽ

ധനശ്രീ വര്‍മയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹല്‍. ചാറ്റ് വിത്ത് രാജ് ഷമാനി എന്ന പോഡ്കാസ്റ്റിനിടെയാണ് ചഹല്‍ വെല്ലുവിളി നിറഞ്ഞ നാളുകളെക്കുറിച്ച് തുറന്നുപറഞ്ഞത്. വിവാഹമോചന ദിവസം, കോടതിയിലെത്തിയ ചാഹല്‍ ധരിച്ച ടീഷര്‍ട്ടിലെ ‘ബീ യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി’ എന്ന വാചകം ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. ഇത് ധനശ്രീക്കുള്ള സന്ദേശമാണെന്ന് അന്നുതന്നെ വ്യാഖ്യാനങ്ങളുണ്ടായിരുന്നു. അത് ശരിയായിരുന്നുവെന്ന് ചഹല്‍ തന്നെ വ്യക്തമാക്കി.

”എനിക്ക് എന്തെങ്കിലും നാടകം കളിക്കാന്‍ താത്പര്യമില്ലായിരുന്നു. എനിക്ക് പറയാനുള്ളത് ഞാന്‍ ടീഷര്‍ട്ടിലൂടെ പറഞ്ഞു. മറുവശത്തു നിന്ന് ഒരു കാര്യം സംഭവിച്ചു. ആദ്യം പ്രതികരിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഒരു കാര്യം സംഭവിച്ചു. അതോടെ ആരെയും ഒന്നും കാര്യമാക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ ആരെയും അധിക്ഷേപിച്ചില്ല, എന്റെ സന്ദേശം അറിയിക്കുക മാത്രമായിരുന്നു ഉദ്ദേശം,” ചഹല്‍ പറഞ്ഞു.

പണത്തിനോ സമ്മാനങ്ങള്‍ക്കോ മറ്റുള്ളവരെ ആശ്രയിക്കാതെ സാമ്പത്തികമായി സ്വതന്ത്രനായ ഒരാളെ സൂചിപ്പിക്കാനാണ് ‘ബീ യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി’ എന്ന വാചകം ഉപയോഗിക്കുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് ചഹല്‍ ധനശ്രീക്ക് നല്‍കേണ്ട ജീവനാംശ തുകയെക്കുറിച്ച് അപ്പോള്‍ വലിയ ചര്‍ച്ചയുണ്ടായിരുന്നു. ഇതാണ് ചഹല്‍ ലക്ഷ്യമിട്ടതെന്നായിരുന്നു അന്നത്തെ ചർച്ച.

Read more

ധനശ്രീ 60 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു, എന്നാൽ അവരുടെ കുടുംബം അത് നിഷേധിച്ചു. 4.75 കോടി രൂപയാണ് ചഹല്‍ ധനശ്രീക്ക് ജീവനാംശമായി നല്‍കേണ്ടത്. ഇതില്‍ 2.37 കോടി നേരത്തെ തന്നെ നല്‍കിയിരുന്നു.