യോയോ ടെസ്റ്റ്: ഒന്നാമന്‍ കോഹ്‌ലിയല്ല, ഫിറ്റ്‌നസ് റിപ്പോര്‍ട്ട് പുറത്ത്

ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് പൂര്‍ത്തിയായി. ബെംഗളൂരുവില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്യാമ്പില്‍ ആദ്യം യോയോ ടെസ്റ്റ് വിജയിച്ച താരം വിരാട് കോഹ്‌ലിയായിരുന്നു. 17.2 ആയിരുന്നു കോഹ്‌ലിയുടെ യോയോ സ്‌കോര്‍. എന്നാല്‍ ഇതിനെ അനായാസം മറികടന്നിരിക്കുകയാണ് യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍.

യോയോ ടെസ്റ്റില്‍ ഗില്‍ 18.7 എന്ന വിസ്മയ സ്‌കോര്‍ നേടി എന്നാണ് റിപ്പോര്‍ട്ട്. യോയോ ടെസ്റ്റില്‍ ഗില്ലിനേക്കാള്‍ സ്‌കോര്‍ ഇതുവരെ മറ്റൊരു ഇന്ത്യന്‍ താരങ്ങളും നേടിയിട്ടില്ല. 16.5നും 18നും ഇടയിലാണ് മിക്കവരും സ്‌കോര്‍ ചെയ്തത്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും കായികക്ഷമത തെളിയിച്ചിട്ടുണ്ട്. അതേസമയം കെ എല്‍ രാഹുലിന്റെ ഫിറ്റ്നസ് സംബന്ധിച്ച് ആശങ്ക തുടരുകയാണ്. അദ്ദേഹം യോയോ ടെസ്റ്റില്‍ പങ്കെടുത്തിട്ടില്ല.

ജസ്പ്രീത് ബുംറ, സഞ്ജു സാംസണ്‍, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ എന്നിവരെല്ലാം യോയോ ടെസ്റ്റ് നടത്താതെ മറ്റ് ചില പരിശീലനങ്ങള്‍ മാത്രമാണ് നടത്തിയത്.