ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: അവസാന ദിവസത്തെ കാലാവസ്ഥ റിപ്പോര്‍ട്ട്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനല്‍ മത്സരം സതാപ്ടണില്‍ നടക്കുകയാണ്. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ് സതാംപ്ടണിലുള്ളത്. അതിനാല്‍ തന്നെ ഇന്ന് മത്സരം പൂര്‍ണമായും നടക്കുമെന്ന് ഉറപ്പാണ്.

താന്‍ സതാംപ്ടണില്‍ വന്നതിനു ശേഷമുള്ളതില്‍ വെച്ച് ഏറ്റവും മികച്ച കാലാവസ്ഥയാണ് ഇന്നുള്ളതെന്ന് ദിനേശ് കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചു. ഫൈനലിന്റെ ആദ്യ ദിനവും നാലാം ദിനവും പൂര്‍ണമായും മഴ കാരണം നഷ്ടപ്പെട്ടിരുന്നു. അഞ്ചാം ദിനം തുടക്കത്തില്‍ മഴ പെയ്‌തെങ്കിലും പിന്നീട് തെളിഞ്ഞ കാലാവസ്ഥയായിരുന്നു.

ഫൈനലിലെ റിസര്‍വ് ദിനമായ ഇന്ന് മാക്‌സിമം 98 ഓവറാണ് എറിയാനാവുക. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 217 റണ്‍സിനു മറുപടിയില്‍ ന്യൂസിലാന്‍ഡ് 249 റണ്‍സെടുത്ത് പുറത്തായിരുന്നു. ഇന്ത്യയ്ക്കെതിരെ 32 റണ്‍സിന്റെ ലീഡാണ് കിവികള്‍ക്കു ലഭിച്ചത്. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി നാലു വിക്കറ്റുകളെടുത്തപ്പോള്‍ ഇഷാന്ത് ശര്‍മയ്ക്കു മൂന്നു വിക്കറ്റ് വീഴ്ത്തി ആര്‍.അശ്വിന്‍ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

അഞ്ചാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടിന് 64 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ്മയുടെയും (30) ശുഭ്മാന്‍ ഗില്ലിന്റെയും (8) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നിലവില്‍ പൂജാരയും (12*) കോഹ് ലിയുമാണ് (8*) ക്രീസില്‍. 32 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത്.