ധോണിയുടെ റെക്കോര്‍ഡ് മറികടന്ന് വൃദ്ധിമാന്‍ സാഹ!

വിക്കറ്റിന് പിന്നില്‍ ധോണിയ്ക്ക് ഉത്തമ പിന്‍ഗാമിയെന്ന് തെളിയിച്ച് തുടങ്ങിയെന്ന് തോന്നുന്നു വൃദ്ധിമാന്‍ സാഹ. ഒരു ടെസ്റ്റില്‍ തന്നെ ഏറ്റവും കൂടുതല്‍ താരങ്ങളെ പുറത്താക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് ധോണിയെ പിന്തള്ളി സാഹ ഇന്ന് കരസ്ഥമാക്കിയത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ മോണേ മോര്‍ക്കലിനെ കൈപ്പിടിയിലൊതുക്കിയപ്പോഴാണ് സാഹ ആ നേട്ടത്തിലെത്തിയത്.

രണ്ട് ഇന്നിംഗ്സുകളിലായി പത്ത് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെയാണ് സാഹ പുറത്താക്കിയത്. 2014 ല്‍ മെല്‍ബണില്‍ ഓസീസിനെതിരെ ധോണി നേടിയ ഒമ്പത് പുറത്താക്കലിന്റെ റെക്കോര്‍ഡാണ് ഇതോടെ സാഹ മറികടന്നത്. സാഹയുടെ പുറത്താക്കലുകളെല്ലാം ക്യാച്ചിലൂടെയായിരുന്നു എന്നൊരു പ്രത്യേകതയുമുണ്ട്.

ക്രിക്കറ്റില്‍ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും മികച്ച പ്രകടനമാണ് സാഹയുടേത്. 11 പേരെ വീതം പുറത്താക്കിയ ഇംഗ്ലണ്ടിന്റെ ജാക്ക് റസ്സലും ദക്ഷിണാഫ്രിക്കയുടെ ഡിവില്യേഴ്സുമാണ് റെക്കോര്‍ഡില്‍ സാഹയ്ക്ക് മുന്നില്‍.