ആവേശം അവസാന ബോള്‍ വരെ, ഇന്ത്യ പൊരുതി തോറ്റു

വനിതാ ഏകദിന ലോക കപ്പില്‍ നിന്ന് ഇന്ത്യ സെമി കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കയോട് മൂന്ന് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യന്‍ വനിതകള്‍ വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക അവസാന ബോളില്‍ മറികടന്നു.

80 റണ്‍സെടുത്ത ലോറ വോള്‍വാര്‍ഡാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മിഗ്‌നോണ്‍ ഡു പ്രീസ് 51 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ലിസെല്ലെ ലീ 6, ലാറ ഗുഡാല്‍ 49, സുനെ ലൂസ് 22, മരിസാന്‍ കാപ്പ് 32, ക്ലോ ട്രിയോണ്‍ 17 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 274 റണ്‍സ് നേടിയത്. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ മിതാലി രാജ് അടക്കം മൂന്ന് ബാറ്റര്‍മാര്‍ അര്‍ദ്ധ സെഞ്ച്വറി നേടി.

ഓപ്പണര്‍മാരായ സ്മൃതി മന്താന (71), ഷഫാലി വര്‍മ (53), ക്യാപ്റ്റന്‍ മിതാലി രാജ് (68) എന്നിവരാണ് അര്‍ദ്ധ സെഞ്ച്വറി നേടിയത്. മന്താന 84 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതമാണ് 71 റണ്‍സെടുത്തത്. ഷഫാലി വര്‍മ 46 പന്തില്‍ എട്ടു ഫോറുകളോടെയാണ് 53 റണ്‍സെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ 15 ഓവറില്‍ ഇരുവരും 91 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.

വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 48 റണ്‍സെടുത്ത് പുറത്തായി. യാസ്തിക ഭാട്യ മൂന്നു പന്തില്‍ രണ്ടു റണ്‍സുമായി ഔട്ടായി. 84 പന്തുകള്‍ നേരിട്ട മിതാലി എട്ടു ഫോറുകളോടെയാണ് 68 റണ്‍സെടുത്തത്. ഇതിനു മുന്‍പ് ഓസീസിനെതിരെയും മിതാലി അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.

ദക്ഷിണാഫ്രിക്കയുടെ വിജയത്തോടെ ഏഴു പോയിന്റുമായി വെസ്റ്റിന്‍ഡീസ് സെമിയില്‍ ഇടമുറപ്പിച്ചു. ഇന്നത്തെ ആദ്യ മത്സരത്തില്‍ ബംഗ്ലദേശിനെ 100 റണ്‍സിനു തോല്‍പ്പിച്ച ഇംഗ്ലണ്ട് മൂന്നാം സ്ഥാനക്കാരായും സെമിയിലെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ ഏഴു മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ 14 പോയിന്റുമായി ഒന്നാം സ്ഥാനത്തോടെയും 11 പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനക്കാരായും നേരത്തേതന്നെ സെമി ഉറപ്പാക്കിയിരുന്നു.