വനിത ലോക കപ്പ്: ഇംഗ്ലണ്ടിനെ വീഴ്ത്തി കിരീടം ചൂടി ഓസീസ്

വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ജേതാക്കള്‍. ഓസീസ് മുന്നോട്ടുവെച്ച 357 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 43.4 ഓവറില്‍ 285 റണ്‍സിന് ഓള്‍ഔട്ടായി. 71 റണ്‍സിനാണ് ഓസിസിന്റെ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റില്‍ അടിച്ചെടുത്തത് 356 റണ്‍സാണ്. വെടിക്കെട്ട് സെഞ്ച്വറി നേടിയ അലീസ ഹീലിയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. അലീസയാണ് ഫൈനലിലെ താരവും. 138 പന്തുകള്‍ നേരിട്ട അലീസ 26 ഫോറുകളുടെ അകമ്പടിയില്‍ 170 റണ്‍സെടുത്തു. റേച്ചല്‍ ഹെയ്ന്‍സ് 68 റണ്‍സും ബേത്ത് മൂണി 62 റണ്‍സും എടുത്തു.

ഇംഗ്ലണ്ടിന് വേണ്ടി നടാലി സീവര്‍ സെഞ്ച്വറി നേടിയെങ്കിലും (പുറത്താകാതെ 148 റണ്‍സ്) മറുവശത്ത് പിന്തുണ നല്‍കാന്‍ ആളുണ്ടായില്ല. ലെഗ് സ്പിന്നര്‍ അലാന കിങ്, ജെസ് ജോനാസന്‍ എന്നിവര്‍ ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മേഗന്‍ ഷട്ട് രണ്ട് വിക്കറ്റും താലിയ മഗ്രാത്, ആഷ്ലി ഗാര്‍ഡിനര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഓസീസിന്റെ ഏഴാം ലോക കപ്പ് കിരീട നേട്ടമാണിത്.