തകര്‍ച്ചയില്‍ നിന്ന് കരകയറി വിന്‍ഡീസ്; ബംഗ്ലാദേശിന് ലക്ഷ്യം 143

ടി20 ലോക കപ്പിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് സ്‌കോര്‍ ചെയ്തു.

വേഗം കുറഞ്ഞ പിച്ചില്‍ ഒരു ഘട്ടത്തില്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച വെസ്റ്റിന്‍ഡീസിനെ നിക്കോളസ് പൂരന്റെ തകര്‍പ്പന്‍ അടികളാണ് കരകയറ്റിയത്. 22 പന്തില്‍ ഒരു ഫോറും നാല് സിക്‌സും സഹിതം 40 റണ്‍സ് നേടിയ പൂരന്‍ ബംഗ്ലാദേശ് ബോളര്‍മാരെ ഹതാശരാക്കി. റോസ്റ്റണ്‍ ചേസും (39) വിന്‍ഡീസ് സ്‌കോറില്‍ മോശമല്ലാത്ത സംഭാവന നല്‍കി.

നായകന്‍ കെയ്‌റണ്‍ പൊള്ളാര്‍ഡും (14) ജാസണ്‍ ഹോള്‍ഡറും (5 പന്തില്‍ 15) പുറത്താകാതെ നിന്നു. രണ്ട് സിക്‌സ് കുറിച്ച ഹോള്‍ഡര്‍ വിന്‍ഡീസ് സ്‌കോറിന് അവസാന കുതിപ്പ് സമ്മാനിച്ചു.

ക്രിസ് ഗെയ്ല്‍ (4), എവിന്‍ ലൂയിസ് (6), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (9), ആന്ദ്രെ റസല്‍ (0) ഡ്വെയ്ന്‍ ബ്രാവോ (1) എന്നിവര്‍ തിളങ്ങിയില്ല. ബംഗ്ലാദേശിനുവേണ്ടി മെഹെദി ഹസനും മുസ്താഫിസുറും ഷൊറിഫുള്‍ ഇസ്ലാമും രണ്ട് വിക്കറ്റ് വീതം പിഴുതു.