വില്യംസണ്‍ മിന്നിക്കളിച്ചു; ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടമായി ബാറ്റ് ചെയ്ത കിവികള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ന്യൂസിലന്‍ഡിന് മികച്ച സ്‌കോറിലെത്തിച്ചത്. 48 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 85 റണ്‍സ് നേടിയ വില്യംസണ്‍ ഓസീസ് ബോളര്‍മാരുടെ ആധിപത്യം ഇല്ലാതാക്കി. കിവികള്‍ക്കായി മാര്‍ട്ടിന്‍ ഗപ്റ്റില്‍ 28ഉം ഗ്ലെന്‍ ഫിലിപ്‌സ് 18ഉം വീതം റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് പിഴുത ജോഷ് ഹെസല്‍വുഡും ഒരാളെ മടക്കിയ ആദം സാംപയും ഓസീസിനായി വേറിട്ട പ്രകടനം പുറത്തെടുത്തു.


ഡാരല്‍ മിച്ചലും (11) ഗപ്റ്റിലും ആദ്യ മൂന്ന് ഓവറില്‍ ന്യൂസിലന്‍ഡിന് തരക്കേടില്ലാത്ത തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീട് അങ്ങോട്ട് കിവി ഇന്നിംഗ്‌സ് ഇഴഞ്ഞു. ഒരു ഘട്ടത്തില്‍ 25 ഡോട്ട് ബോളുകള്‍ ന്യൂസിലന്‍ഡ് ബാറ്റിംഗിനെ പിന്നോട്ടടിച്ചു. പക്ഷേ, മിച്ചല്‍ മാര്‍ഷിനെ ഇരട്ട ബൗണ്ടറിക്കും മിച്ചല്‍ സ്റ്റാര്‍ക്കിനെ ഹാട്രിക്ക് ഫോറിനും പറത്തിയ വില്യംസണ്‍ കെട്ടുപൊട്ടിച്ചു. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഇരട്ട സിക്‌സിന് ശിക്ഷിച്ച വിംല്യംസണ്‍ അതിവേഗം അര്‍ദ്ധ സെഞ്ച്വറി കുറിച്ചു.

Read more

16-ാം ഓവറില്‍ സ്റ്റാര്‍ക്കിനെ വീണ്ടും വില്യംസണ്‍ പ്രഹരിച്ചു. നാല് ബൗണ്ടറികളും ഒരു സിക്‌സും ആ ഓവറില്‍ പിറന്നു. വില്യംസനെ ഹെസല്‍വുഡ് പുറത്താക്കിയശേഷം ന്യൂസിലന്‍ഡ് സ്‌കോറില്‍ കാര്യമായ മുന്നേറ്റമുണ്ടായില്ല.