ശുഭ്മൻ ഗില്ലിന് എന്തിന് ഓപ്പണിങ് നൽകുന്നു?; ഒടുവിൽ പ്രതികരണവുമായി സഞ്ജു സാംസൺ

ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ആദ്യ ടി 20 മത്സരം മഴ മൂലം ഉപേക്ഷിച്ചു. മത്സരത്തിൽ മികച്ച തുടക്കം ഇന്ത്യക്ക് ലഭിച്ചു. അഭിഷേക് ശർമ തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും വെറും 35 പന്തിൽ 62 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടുമായി ശുഭ്മാൻ ഗില്ലും സൂര്യകുമാർ യാദവും ക്രീസിൽ നിലയുറച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ഇന്ത്യയുടെ ഇന്നിം​ഗ്സ് അഞ്ചാം ഓവറിലെത്തിയപ്പോഴാണ് ആദ്യം മഴയെത്തിയത്. ഏകദേശം അരമണിക്കൂറിനു ശേഷം, 18 ഓവറാക്കി മത്സരം ചുരുക്കി കളി പുനരാരംഭിച്ചു. എന്നാൽ വീണ്ടും മഴ ശക്തി പ്രാപിച്ച് പെയ്യ്തതോടെ മത്സരം ഉപേക്ഷിച്ചു.

ഇന്നലെ നടന്ന മത്സരത്തിൽ ഓപ്പണിങ് സ്ഥാനത്ത് ഗിൽ-അഭിഷേക് സഖ്യമാണ് ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണെ മധ്യനിരയിലേക്ക് പിന്തള്ളി. ഇപ്പോഴിതാ ടി20 ക്രിക്കറ്റ് സ്ക്വാഡിൽ തന്റെ പൊസിഷനെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് സഞ്ജു.

സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ:

Read more

” സത്യസന്ധമായി പറഞ്ഞാൽ ഞാൻ വിവിധ ടീമുകളിലായി പല റോളുകളിലും ബാറ്റ് ചെയ്തിട്ടുണ്ട്. ഞാൻ ഈ ടീമിന്റെ ഭാഗമായിട്ട് കുറച്ചുനാളുകളായി. ഇവിടെയും പല റോളുകളും ചെയ്തു. ഇന്നിങ്സ് ഓപ്പൺ‌ ചെയ്യുന്നത് മുതൽ മത്സരം ഫിനിഷ് ചെയ്യുകവരെ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞാൻ‌ മധ്യനിരയിലാണ് ബാറ്റുചെയ്യുന്നത്. ഈ ടീമിൽ ഓപ്പണർമാർക്ക് മാത്രമാണ് സ്ഥിരമായ സ്ഥാനമുള്ളത്. ബാക്കിയുള്ള ബാറ്റർമാർ ഏത് സാഹചര്യത്തിലും ഏത് സമയത്തും ബാറ്റുചെയ്യാൻ തയ്യാറായിരിക്കണം. ഞങ്ങളെല്ലാം അതിന് തയ്യാറായിരിക്കണം” സഞ്ജു പറഞ്ഞു.