ഈ എംഎസ് ധോണിയെ എന്തിനാണ് പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നത്, അവനെ ടീമിൽ ഇറക്കരുത് ഇനി; സൂപ്പർ താരത്തിനെതിരെ ഇതിഹാസം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രണ്ട് പന്തുകൾ മാത്രം നേരിടാനുള്ള എംഎസ് ധോണിയുടെ തീരുമാനത്തിനെതിരെ മുൻ താരങ്ങൾ രംഗത്ത്. ചെന്നൈ സൂപ്പർ കിംഗ്‌സിനെ പ്രശ്‌നത്തിലാക്കിയ ധോണിയുടെ ഈ തീരുമാനത്തിന് എങ്ങും വിമർശനങ്ങൾ ഉയരുകയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മുൻ മത്സരത്തിൽ തകർപ്പൻ ഇന്നിംഗ്സ് കളിച്ചതിന് ശേഷം സൺറൈസേഴ്സിനെതിരെ ബാറ്റ് ചെയ്യാൻ നേരത്തെ ഇറങ്ങാത്തത് ധോണി ചെയ്ത മണ്ടത്തരമായി പോയി എന്നും മൈക്കിൾ വോൺ പറഞ്ഞു.

“എനിക്കത് മനസ്സിലാകുന്നില്ല. വെറും 2 പന്തുകൾ നേരിടാൻ ധോണി ബാറ്റ് ചെയ്യാനിറങ്ങിയത് എന്നെ അത്ഭുതപ്പെടുത്തി. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്ത അദ്ദേഹം കുറച്ചധികം ഫോറും സിക്സും പറത്തി. ഹൈദരാബാദിൽ നമ്മൾ കണ്ടത് പോലെ സ്ലോ ട്രാക്കുകളിൽ റൺസ് സ്‌കോർ ചെയ്യാൻ ഇന്ത്യൻ ബാറ്റർമാർ കൂടുതൽ പ്രാപ്തരാണെന്ന് എനിക്ക് തോന്നുന്നു. ധോണി ഒരുപാട് തവണ കളിച്ച ട്രാക്കാണ് ഇത്. സിഎസ്‌കെക്ക് ധോണിയെ ആവശ്യമായിരുന്നു,” മൈക്കൽ വോൺ ക്രിക്ക്ബസിൽ പറഞ്ഞു.

മുൻ ന്യൂസിലൻഡ് പേസർ സൈമൺ ഡൂളാണ് കൂടുതൽ വിമർശനം ഉന്നയിച്ചത്. മുൻ സിഎസ്‌കെ ക്യാപ്റ്റനെ അദ്ദേഹം പരിഹാസത്തോടെ ആഞ്ഞടിച്ചു. “അവസാന മത്സരത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു, എസ്ആർഎച്ചിനെതിരായ പ്ലേയിംഗ് ഇലവൻ്റെ ഭാഗമാകാൻ പാടില്ലായിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അദ്ദേഹത്തിന് സിംഗിളുകൾ പോലും എടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഹൈദരാബാദിനെതിരായ മത്സരത്തിൽ ധോണി ഇറങ്ങാൻ പാടില്ലായിരുന്നു ”അദ്ദേഹം പറഞ്ഞു.

ഡൽഹി ക്യാപിറ്റൽസിനെതിരായ ധോണിയുടെ പ്രകടനം മോശമാണെന്ന് ഡൂൾ നേരത്തെ വിലയിരുത്തിയിരുന്നു. ധാരാളം ഡോട്ട് ബോളുകൾ കളിക്കുകയും ഫോറുകളിലും സിക്‌സറുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌തതിന് 42-കാരനെ അദ്ദേഹം വിമർശിച്ചു. നിലവിലെ ചാമ്പ്യൻമാരെ 6 വിക്കറ്റിന് തകർത്താണ് സൺറൈസേഴ്‌സ് സീസണിലെ രണ്ടാം ജയം കുറിച്ചത്.

മറുവശത്ത്, കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ചെന്നൈ ജയിച്ചിട്ടില്ല. ഋഷഭ് പന്തിൻ്റെ ടീം ചെന്നൈയെ കഴിഞ്ഞ മത്സരത്തിൽ തോൽപ്പിച്ചപ്പോൾ ഇപ്പോൾ ഹൈദരാബാദും ചെന്നൈയെ തകർത്തു.