സഞ്ജുവിനെ എന്തിനാണ് വിമർശിക്കുന്നത്, ടി-20 ലോകകപ്പിൽ അവൻ ചെയ്തത് നിങ്ങൾ മറന്നോ?: സ്റ്റീഫൻ ഫ്ളെമിങ്

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ വീണ്ടും തോൽവി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 43 റണ്‍സിനാണ് സിഎസ്‌കെ പരാജയം വഴങ്ങിയത്. ആര്‍സിബി ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈയ്ക്ക് 19. 4 ഓവറില്‍ 207 റണ്‍സ് മാത്രമാണ് നേടാനായത്.

ചെന്നൈ സൂപ്പർ കിം​ഗ്സിനായുള്ള മത്സരങ്ങളിൽ നിരാശപ്പെടുത്തുന്നത് തുടരുകയാണ് മലയാളി താരം സ‍ഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഒരു രണ്ടക്കം കടക്കാൻ പോലും താരത്തിനു സാധിച്ചിട്ടില്ല. ഇപ്പോഴിതാ മോശം പ്രകടനത്തിനിടയിലും സഞ്ജു സാംസണെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ളെമിങ്.

‘വര്‍ഷങ്ങളോളം ഒരു ഫ്രാഞ്ചൈസിയില്‍ കളിച്ച ശേഷം പുതിയൊരു ടീമിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും പൊരുത്തപ്പെടാന്‍ സമയമെടുക്കും. സഞ്ജു നിലവില്‍ ടീമുമായി ഇണങ്ങിച്ചേരാനുള്ള ശ്രമത്തിലാണ്. ടീമില്‍ അഞ്ചോ ആറോ മാറ്റങ്ങള്‍ വന്നതിനാല്‍ ഇതൊരു സെറ്റില്‍ഡ് സൈഡ് ആണെന്ന് പറയാനാകില്ല’

‘ടി20യിൽ‌ കാര്യങ്ങൾ അതിവേ​ഗം മാറിമറിയും. കഴിഞ്ഞ ലോകകപ്പിൽ ഇത് നമ്മൾ കണ്ടതുമാണ്. നന്നായി ആധിപത്യം പുലർത്താൻ സാധിക്കുന്ന ബാറ്ററാണ് സഞ്ജു. വളരെ അപകടകാരിയായ താരം. മഞ്ഞക്കുപ്പായത്തിൽ സെറ്റാവാൻ സഞ്ജുവിന് ആവശ്യമായ എല്ലാ പിന്തുണയും ആത്മവിശ്വാസവും ടീം നല്‍കും’, ഫ്ലെമിങ് വ്യക്തമാക്കി.