Sanal Kumar Padmanabhan
ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്കു 186 റൺസ് സംരക്ഷിക്കപെടേണ്ടി വരുന്ന അവസ്ഥയിൽ തന്റെ ടീമിലെ ബൗളിംഗ് നിരയിലെ പുത്തൻ താരോദയങ്ങളായ ഹർഷൽ പട്ടേലും അര്ഷദീപ് സിങ്ങും ഹാർദിക്കും ചാഹലും എല്ലാം ഒരു പിശുക്കുമില്ലാതെ ഓസ്‌ട്രേലിയക്കു ആവശ്യമുള്ള റൺസ് വിട്ടു കൊടുക്കുന്ന കാഴ്ച കണ്ടു കൊണ്ട്.
അവസാന ഓവർ വരെ ഒരു പന്ത് പോലും എറിയാനുള്ള അവസരം ലഭിക്കാതെ. ഇന്ത്യൻ ക്രിക്കറ്റിൽ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് കൊയ്ത , വേഗത്തിൽ 50 വിക്കറ്റ് തികച്ചവരിൽ രണ്ടാമനായ , ടെസ്റ്റിൽ അരങ്ങേറ്റത്തിൽ 9 വിക്കെറ്റുകളോടെ ഇന്ത്യൻ ഫാസ്റ്റ് ബൗളരുടെ ഏറ്റവും മികച്ച അരങ്ങേറ്റ മത്സരത്തിന്റെ റെക്കോർഡും തന്റെ പേരിന്റെ കൂടെ ചാർത്തിയ, അവസാന ഐ പി എല്ലിൽ തന്റെ ടീം ഗുജറാത്തിനെ കപ്പെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച,ബുമ്രയുടെ അഭാവത്തിൽ ഇന്നത്തെ ഇന്ത്യൻ ബൗളിംഗ് അക്രമണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കേണ്ട മനുഷ്യൻ, തഴയപ്പെടലിന്റെ വീർപ്പു മുട്ടലിൽ പെട്ടു നെടുവീർപ്പോടെ ആത്മാഭിമാനം മുറിപ്പെട്ടു ഗ്രൗണ്ടിൽ നിൽക്കുകയാണ്.
ബുമറക്കും ദീപക് ചാഹരിനും പരിക്കേറ്റതു കൊണ്ട് മാത്രം താൻ ടീമിലിടം നേടിയെങ്കിലും, ക്യാപ്റ്റന്റെയും കോച്ചിന്റെയും മനസിലിൽ തനിക്കു ഇപ്പോഴും ഇടം നേടാൻ കഴിഞ്ഞിട്ടില്ല എന്നയാൾ പതിയെ തിരിച്ചറിയുകയായിരുന്നു.
അപ്പോഴാണ് ആ ഇരുപതാം ഓവർ വരുന്നത്. ഓസ്‌ട്രേലിയക്ക് ജയിക്കാൻ 4 വിക്കറ്റ് ശേഷിക്കേ 11 റൺസ്.
കമ്മിൻസ് ക്രീസിൽ നിൽക്കേ 6 ബോൾ അല്ല രണ്ടു ബോളിൽ പോലും പ്രതിരോധിക്കാൻ ബുദ്ധിമുട്ടേറിയ സ്കോർ. ആദ്യ മൂന്നോവർ നന്നായി എറിഞ്ഞ ഭുവിക്കു അവസാന ഓവർ കൊടുക്കുന്നത് ആത്മഹത്യക്ക് തുല്യമാണെന്ന് മുൻകാല അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ ക്യാപ്റ്റൻ ആ ഓവർ എറിയുവാനായി അയാളെ വിളിക്കുകയാണ്.
ക്യാപ്റ്റൻ നീട്ടിയ പന്ത് കൈകളിൽ കൊരുത്തു സ്വന്തം നെഞ്ചോട് ചേർത്തു ഒരു നിമിഷം കണ്ണുകൾ അടച്ചു നിന്ന ശേഷം റണ്ണപ്പ് തുടങ്ങുന്ന അയാൾ, ഓർമ്മയുറച്ചു തുടങ്ങിയ കാലം മുതൽ അയാളുടെ ഉള്ളം കയ്യിൽ കൈ രേഖയെന്നോണം ഒപ്പമുണ്ടായിരുന്ന ക്രിക്കറ്റ് പന്തിനു അയാളുടെ ഹൃദയം പറഞ്ഞ “ഇത് അവസാന അവസരമാണ് ഇതിൽ പിഴച്ചാൽ ഇനിയൊരു തിരിച്ചു വരവില്ല, മനസ് പറയുന്നിടത്തു ഉദ്ദേശിച്ച വേഗതയിലും സ്വിങ്ങിലും പന്ത് പിച്ച് ചെയ്യണം ” എന്ന ആത്മഗതം കേൾക്കാതിരിക്കാനാവില്ലായിരുന്നു.
ജീവനുള്ള അയാളുടെ കൂടെയുള്ളവരേക്കാൾ ജീവനില്ലാത്തൊരു തുകൽ പന്ത് അയാളുടെ കൂടെ അയാൾ പറയുന്നതിനനുസരിച്ചു അയാൾക്ക് വേണ്ടി ഉറക്കെ സംസാരിക്കുന്ന കാഴ്ച. ബാക്ക് ടു ബാക്ക് യോർകറുകൾ!! ഒന്നിനൊന്നു മികച്ച ആറു പന്തുകൾ എറിഞ്ഞു കഴിഞ്ഞപ്പോൾ ഇന്ത്യ ആറു റൺസിനു ജയിച്ചു കഴിഞ്ഞിരുന്നു .
പ്രിയ രോഹിത് : ആരൊക്കെ മറന്നാലും മുഹമ്മദ് ഷമി എന്ന പേരും റൺസ് വിട്ടു കൊടുക്കാനുള്ള അയാളുടെ മടിയും നിങ്ങൾ മറന്നു പോകരുതായിരുന്നു. ഓർമ്മകൾക്ക് അധിക ദൂരം സഞ്ചരിക്കേണ്ടതില്ല. വെറും രണ്ടു വർഷങ്ങൾക്കു മുൻപ് ദുബായിൽ മുംബൈ വെസ് പഞ്ചാബ് മത്സരത്തിൽ സൂപ്പർ ഓവറിൽ മുംബൈക്ക് ജയിക്കാൻ ആവശ്യമായ വെറും ആറു റൺസ് വിട്ടു തരില്ല എന്ന് പറഞ്ഞു നെഞ്ചും വിരിച്ചു അയാൾ ആറു പന്തുകൾ എറിഞ്ഞപ്പോൾ അഞ്ചു റൺസുകൾ മാത്രം എടുത്തു മുംബൈ പഞ്ചാബിനോട് സൂപ്പർ ഓവറിൽ ഡ്രോ പിടിച്ചപ്പോൾ ക്രീസിൽ ഡീ കോക്കിന്റെ കൂടെ നിങ്ങളും ഉണ്ടായിരുന്നല്ലോ ഭായ് അങ്ങനെയങ്ങു മറക്കരുത് ആ പേര്- അയാൾ തീയാണ്.
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ