റിഷഭ് പന്തിന്റെ അഭാവത്തില്‍ ആരാണ് വിക്കറ്റ് കാക്കാന്‍ യോഗ്യന്‍?; അത്ഭുതപ്പെടുത്തി ഗാംഗുലിയുടെ മറുപടി

ഇന്ത്യന്‍ ക്രിക്കറ്റിന് അടുത്തിടെ സംഭവിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ പരിക്ക്. ഇത് ടെസ്റ്റ് ഫോര്‍മാറ്റിലാണ് ഇന്ത്യയ്ക്ക് ഏറെ തിരിച്ചടി സമ്മാനിച്ചത്. ടെസ്റ്റില്‍ പന്തിന് പകരമെത്തിച്ച കെ.എസ് ഭരതിനാകട്ടെ തുടക്കകാരന്റെ പരിഭവത്തില്‍ കാര്യങ്ങള്‍ അത്ര വെടുപ്പായിട്ടില്ല. ഇപ്പോഴിതാ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുന്നില്‍ നില്‍ക്കെ പന്തിന് പകരം ആര് എന്നതില്‍ തന്റെ കാഴ്ചപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി.

റിഷഭ് ഏറെ സ്‌പെഷ്യലാണ്. അദ്ദേഹത്തെ പോലൊരു കളിക്കാരനെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭിക്കില്ല. എന്നാല്‍ ഇഷാന്‍ കിഷന്‍ മികച്ച താരമാണെന്ന് ഞാന്‍ കരുതുന്നു. അവിടെ കെ എസ് ഭരത് ഉണ്ട്. ഇരുവരും വ്യത്യസ്തമായി കളിക്കുന്നു. എല്ലാവരും ഒരേ രീതിയില്‍ ബാറ്റ് ചെയ്യില്ല. അവസരത്തിനൊത്ത് ഈ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ നന്നായി വരും.

ചെറിയ ഫോര്‍മാറ്റുകളില്‍ ഇഷാന് എന്തുചെയ്യാനാകുമെന്ന് നമ്മള്‍ കണ്ടു. കെ എല്‍ രാഹുല്‍ ഏകദിനത്തില്‍ 45ല്‍ കൂടുതല്‍ ശരാശരിയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. അവന്‍ ഒരു മികച്ച ഏകദിന കളിക്കാരനാണ്. അദ്ദേഹത്തിന് കീപ്പിംഗ് കൂടി ചെയ്യാന്‍ കഴിയുമെങ്കില്‍, ഞാന്‍ ശരിക്കും ഒരു പ്രശ്‌നവും കാണുന്നില്ല- ഗാംഗുലി പറഞ്ഞു.

ദേശീയ ടീം റിഷഭ് പന്തിനെ മിസ്സ് ചെയ്യുന്നുണ്ട് എന്ന് എനിക്കറിയാം. യുവതാരമായതിനാല്‍ ഏറെക്കാലം കരിയര്‍ ബാക്കിയുണ്ട്. അദേഹമൊരു സ്പെഷ്യല്‍ പ്ലെയറാണ്. അതിനാല്‍ പരിക്ക് പൂര്‍ണമായും മാറാനുള്ള സമയം റിഷഭ് കണ്ടെത്തണം. റിഷഭിന്റെ പരിക്ക് ഭേദമാകട്ടേയെന്ന് എല്ലാ ആശംസയും നേരുന്നു. റിഷഭിനെ നേരില്‍ കാണുമെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.