മക്കളെ ഇത് എങ്ങോട്ടാ, കിരീടവിജയം ആഘോഷിക്കാൻ; ആ ബോൾ ഒന്നും കൂടി എറിഞ്ഞിട്ട് ആഘോഷിക്കാം; നാടകീയ രംഗങ്ങൾ അടങ്ങിയ ഫൈനൽ

ക്രിക്കറ്റ് കളിയിൽ സംഭവിക്കാവുന്ന ഏറ്റവും വിചിത്രമായ സംഭവങ്ങളിലൊന്നാണ് ശനിയാഴ്ച നടന്ന ടി20 ബ്ലാസ്റ്റ് ഫൈനൽ വഹിച്ചത്. ബിർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഹാംഷെയറും ലങ്കാഷെയറും തമ്മിൽ നടന്ന ടൂർണമെന്റിന്റെ അവസാന മത്സരത്തിലാണ് നാടകീയത അരങ്ങേറിയത്. കളി ജയിക്കാൻ ലങ്കാഷെയറിന് അവസാന പന്തിൽ അഞ്ച് റൺസ് വേണ്ടിരുന്നു.

ബൗൾ എറിഞ്ഞ പേസർ നഥാൻ എല്ലിസ് റിച്ചാർഡ് ഗ്ലീസണെ ഫുൾ ലെങ്ത് ഉപയോഗിച്ച് ബൗൾഡാക്കിയപ്പോൾ ഹാംഷെയർ കളിക്കാർ 4 റൺസിന്റെ മാർജിനിൽ കിരീടം നേടിയെന്ന് കരുതി സന്തോഷത്തിൽ പൊട്ടിത്തെറിച്ചു. എന്നാൽ ഇത് നോബോൾ ആണെന്ന് പറഞ്ഞ് അമ്പയർ അവരുടെ ആഘോഷം തകർത്തു.

അമ്പയർ തീരുമാനം അറിയിക്കുമ്പോഴേക്കും സ്റ്റേഡിയത്തിൽ വെടിക്കെട്ട് തുടങ്ങിയിരുന്നു. അതേസമയം, ഹാംഷെയർ ഡ്രസ്സിംഗ് റൂം മുഴുവൻ ആഘോഷിക്കാൻ തുടങ്ങ്ഗി ഒപ്പം ആരധകരും. ഒടുവിൽ ഒരിക്കൽക്കൂടി മത്സരത്തിന്റെ അവസാന പന്തിൽ ഹാംഷെയർ കളിക്കാർക്ക് അവരുടെ സ്ഥാനങ്ങളിലേക്ക് തിരികെ നടക്കേണ്ടി വന്നു.

എന്നിരുന്നാലും, എല്ലാ നാടകങ്ങൾക്കും ഹാംഷെയറിന്റെ മനോവീര്യത്തെ വ്രണപ്പെടുത്താനായില്ല, ഒടുവിൽ ലങ്കാഷെയറിനെതിരെ ഒരു റണ്ണിന് വിജയിച്ച് ടീം കിരീടം സ്വന്തമാക്കി.

നേരത്തെ, ടോസ് നേടിയ ഹാംഷെയർ നായകൻ ജെയിംസ് വിൻസ് ഫൈനൽ ഏറ്റുമുട്ടലിൽ ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുക്കുകയായിരുന്നു. ബെൻ മക്‌ഡെർമോട്ട് 36 പന്തിൽ 62 റൺസെടുത്തപ്പോൾ, നിശ്ചിത 20 ഓവറിൽ ടീം 152/8 എന്ന സ്‌കോറാണ് നേടിയത്. അതേസമയം, ലങ്കാഷെയറിന് വേണ്ടി തിളങ്ങിയത് 4/26 എടുത്ത് പാർക്കിൻസൺ ആയിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കാഷെയർ അവസാന ഓവർ നാടകീയമായിട്ടും 151/8 എന്ന നിലയിൽ അവസാനിക്കേണ്ടതായി വന്നു . 25 പന്തിൽ 36 റൺസെടുത്ത സ്റ്റീവൻ ക്രോഫ്റ്റാണ് ടീമിന്റെ ടോപ് സ്‌കോറർ. ഹാംഷെയറിന് വേണ്ടി ലിയാം ഡോസണും ജെയിംസ് ഫുള്ളറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.