പൊള്ളാര്‍ഡിന് എന്താണ് സംഭവിച്ചത്? ഉത്തരം തേടി ക്രിക്കറ്റ് പ്രേമികള്‍

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പിലെ വെസ്റ്റിന്‍ഡീസ്- ബംഗ്ലാദേശ് മത്സരം അപൂര്‍വ്വ സംഭവത്തിന് സാക്ഷിയായി. ബാറ്റ് ചെയ്തുകൊണ്ടിരുന്ന വിന്‍ഡീസ് ക്യാപ്റ്റന്‍ കെയ്‌റണ്‍ പൊള്ളാര്‍ഡ് നിഗൂഢമായ കാരണത്താല്‍ ഡ്രസിംഗ് റൂമിലേക്ക് തിരിച്ചുപോയതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.

വിന്‍ഡീസ് ഇന്നിംഗ്‌സിന്റെ 13-ാം ഓവറിലായിരുന്നു സംഭവം. തസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ പുറത്താകാതിരുന്നിട്ടും പൊള്ളാര്‍ഡ് ക്രീസ് വിട്ടു. 16 പന്തില്‍ നിന്ന് എട്ട് റണ്‍സായിരുന്നു അപ്പോള്‍ പൊള്ളാര്‍ഡിന്റെ സ്‌കോര്‍. സുഖകരമല്ലാത്ത മുഖവുമായാണ് പൊള്ളാര്‍ഡ് ഡ്രസിംഗ് റൂമിലേക്ക് നടന്നത്. പിന്നാലെ ആന്ദ്രെ റസല്‍ ക്രീസിലെത്തി.

പൊള്ളാര്‍ഡിന് പരിക്കുള്ളതായി തോന്നിയിരുന്നില്ല. എന്നാല്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് എന്നാണ് സ്‌കോര്‍ ബോര്‍ഡില്‍ തെളിഞ്ഞത്. വിന്‍ഡീസിന്റെ റണ്‍സ് നിരക്ക് ഉയര്‍ത്താനുള്ള തന്ത്രപരമായ നീക്കമായി പൊള്ളാര്‍ഡിന്റെ നടപടി കരുതപ്പെടുന്നു. പൊള്ളാര്‍ഡിന് എന്താണ് സംഭവിച്ചതെന്ന് വിന്‍ഡീസ് ടീം മാനെജ്‌മെന്റ് സ്ഥിരീകരിച്ചിട്ടില്ല. പിന്നീട് 20-ാം ഓവറില്‍ ക്രീസില്‍ മടങ്ങിയെത്തിയ പൊള്ളാര്‍ഡ് രണ്ട് പന്തുകള്‍ നേരിട്ടു. മുസ്താഫിസുറിന്റെ അവസാന പന്ത് സിക്‌സിന് പറത്താനും പൊള്ളാര്‍ഡിന് സാധിച്ചിരുന്നു.