പ്ലേയിംഗ് ഇലവനില്‍ രണ്ട് വിദേശ താരങ്ങള്‍ മാത്രം; കാരണം വെളിപ്പെടുത്തി സഹീര്‍ ഖാന്‍

ആര്‍സിബിക്കെതിരായ പ്ലേയിംഗ് ഇലവനില്‍ രണ്ട് വിദേശ താരങ്ങളെ മാത്രം പരിഗണിച്ചതില്‍ വിശദീകരണവുമായി മുംബൈ ഇന്ത്യന്‍സ് ടീം ഡയറക്ടര്‍ സഹീര്‍ ഖാന്‍. മികച്ച താരങ്ങളെ ഇട്ടാണ് പ്ലേയിംഗ് ഇലവന്‍ സൃഷ്ടിക്കുന്നതെന്നും ടീമിന്റെ സന്തുലിതാവസ്ഥയ്ക്കാണ് പ്രാധാന്യമെന്നും സഹീര്‍ പറഞ്ഞു.

‘വിദേശ താരങ്ങള്‍ എന്നതിലുപരി ടീമിന്റെ സന്തുലിതാവസ്ഥക്കും കൂട്ടുകെട്ടിനുമാണ് പ്രാധാന്യം നല്‍കിയത്. ജയദേവ് ഉനദ്ഘട്ടിനെ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. കാരണം അവന്‍ നെറ്റ്സില്‍ നന്നായി പന്തെറിയുന്നുണ്ട്. അവിടുത്തെ സാഹചര്യങ്ങള്‍ ഉനദ്ഘട്ടിന്റെ ശൈലിക്ക് ചേരുന്നതാണ്. ചില സമയങ്ങളില്‍ പിച്ചില്‍ മികച്ച വേഗം ബൗളര്‍മാര്‍ക്ക് ലഭിക്കുന്നില്ല.’

‘എപ്പോഴും ഞാന്‍ ബൗളര്‍മാരോട് പറയുന്നത് സ്വന്തം കഴിവ് തുറന്ന് കാട്ടാനാണ്. മത്സരത്തിനൊപ്പം നില്‍ക്കാന്‍ ശ്രമിക്കുക. സാഹചര്യം മനസിലാക്കുകയും അതിനനുസരിച്ച് പന്തെറിയുകയും ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആരാണ് അപകടകാരിയെന്ന് തിരിച്ചറിയുകയും നായകനുമായി കൂടി ആലോചിച്ച് പ്ലാന്‍ തയ്യാറാക്കുകയുമാണ് വേണ്ടത്’ സഹീര്‍ ഖാന്‍ പറഞ്ഞു.

ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തകര്‍ത്തത്. മുംബൈ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സീസണില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.