'പവർപ്ലേയിൽ വിക്കറ്റുകൾ നഷ്ടമായി, കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ സാധിച്ചില്ല'; തോൽവിയെ കുറിച്ച് സൂര്യകുമാർ യാദവ്

ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. സൗത്ത് ആഫ്രിക്കയോട് 76 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റു വാങ്ങിയത്. ഇനിയുള്ള രണ്ട് മത്സരങ്ങൾ കൂടി വിജയിച്ചാലേ ഇന്ത്യക്ക് സെമി ഫൈനലിലേക്ക് പ്രവേശിക്കാനാകു. ഇന്ത്യയുടെ എല്ലാ ഡിപ്പാർട്മെന്റും ഇന്നലെ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഇപ്പോഴിതാ മത്സരശേഷം സൂര്യകുമാർ യാദവ് സംസാരിച്ചിരിക്കുകയാണ്.

‘180-185 റൺസാണ് പിന്തുടരുന്നതെങ്കിൽ പവർപ്ലേയിൽ നിങ്ങൾക്ക് കളി ജയിക്കാൻ കഴിയില്ല. പക്ഷേ പവർപ്ലേയിൽ നിങ്ങൾക്ക് കളി തോൽ‌ക്കാൻ പെട്ടെന്ന് സാധിക്കും. പവർപ്ലേയിൽ ഞങ്ങൾക്ക് വളരെയധികം വിക്കറ്റുകൾ നഷ്ടപ്പെട്ടു. മാത്രവുമല്ല, 180-185 റൺസ് പിന്തുടരുന്നതിനായി ഞങ്ങൾ ആഗ്രഹിച്ചതുപോലെ ചെറിയ കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. പക്ഷേ അത് കളിയുടെ ഭാഗമാണ്. ഞങ്ങൾ അതിൽ നിന്നെല്ലാം പഠിക്കും. കൂടുതൽ ശക്തമായി തിരിച്ചുവരും’, സൂര്യകുമാർ യാദവ് പറഞ്ഞു.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ഇന്നിങ്സ് 18.5 ഓവറിൽ 111 റൺസിൽ അവസാനിച്ചു. 37 പന്തില്‍ 42 റണ്‍സെടുത്ത ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍കോ ജാന്‍സന്‍, മൂന്ന് പേരെ പുറത്താക്കിയ കേശവ് മഹാരാജ് എന്നിവ ഇന്ത്യയെ തകര്‍ത്തത്. കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റെടുത്തു.

Read more

ഇന്ത്യക്കായി ശിവം ദുബെ 42 റൺസും, ഹർദിക് പാണ്ട്യ 18 റൺസും, സൂര്യകുമാർ യാദവ് 18 റൺസും, അഭിഷേക് ശർമ്മ 15 റൺസും നേടി. ബോളിങ്ങിൽ ഇന്ത്യക്കായി ജസ്പ്രീത് ബുംറ 3 വിക്കറ്റുകളും, അർശ്ദീപ് സിങ് 2 വിക്കറ്റുകളും, വരുൺ ചക്രവർത്തി ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റുകളും നേടി.