ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ തോറ്റത്, അല്ലെങ്കിൽ മത്സരഫലം തന്നെ മറ്റൊന്ന് ആകുമായിരുന്നു ...ദ്രാവിഡ് പറഞ്ഞത് ഇങ്ങനെ

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീമിൻ്റെ തോൽവിക്ക് കാരണം ബാറ്റർമാരാണെന്ന് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 70 റൺസ് കുറഞ്ഞാണ് നേടിയതെന്നും അതാണ് തോൽവിക്ക് കാരണം എന്നും ദ്രാവിഡ് പറഞ്ഞു. 28 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 231 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 202 റൺസിൽ ഓൾഔട്ടായി. ജയം ഉറപ്പിച്ച അവസ്ഥയിൽ നിന്ന് ഇന്ത്യ തോൽവിയെറ്റ് വാങ്ങുക ആയിരുന്നു.

190 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനു ഇറങ്ങിയ ഇംഗ്ലണ്ടിന് ഓലി പോപ്പിന്റെ സെഞ്ച്വറിയാണ് മൽസരത്തിൽ മുന്നിലെത്താൻ സഹായിച്ചത്. 278 ബോൾ നേരിട്ട് 196 റൺസാണ് താരം അടിച്ചെടുത്തത്. ബാറ്റർമാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും തൻ്റെ ടീമിന് ആദ്യ ഇന്നിംഗ്‌സിൽ 70 റൺസ് കുറവായിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു. കഠിനമായ പിച്ചിൽ 230 റൺസ് പിന്തുടരുക എളുപ്പമല്ലെന്ന് അദ്ദേഹം പറഞ്ഞു.

“സാഹചര്യങ്ങൾ വെല്ലുവിളി നിറഞ്ഞതായിരുന്നു, ആദ്യ ഇന്നിംഗ്‌സിൻ്റെ ഞങ്ങൾക്ക് 70 റൺസ് കുറവായിരുന്നു . രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങൾ അല്ലായിരുന്നു. പക്ഷേ ചില ബാറ്റർമാർ മികച്ച തുടക്കം ലഭിച്ചിട്ടും അവർക്ക് അത് മുതലാക്കാൻ സാധിക്കാതെ പോയത് വലിയ തിരിച്ചടി ആയി.”

നായകൻ രോഹിത് ശർമ തോൽവിയുമായി ബന്ധപ്പെട്ട് പറഞ്ഞത് ഇങ്ങനെയാണ്: എവിടെയാണ് തെറ്റുപറ്റിയതെന്ന് ചൂണ്ടിക്കാട്ടുക പ്രയാസമാണ്. 190 റൺസിന്റെ ലീഡ് നേടിയപ്പോൾ ബാറ്റിംഗിൽ ഞങ്ങൾ മികച്ചതാണെന്ന് ചിന്തിച്ചു. ഒലി പോപ്പിന്റെ ബാറ്റിംഗ് ഗംഭീരമായിരുന്നു. വിദേശ താരങ്ങളുടെ ഇന്ത്യയിലെ പ്രകടനങ്ങളിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നാണിത്.

നന്നായിട്ടാണ് ഞങ്ങൾ പന്തെറിഞ്ഞത്. ടീമിന്റെ പദ്ധതികൾ ബോളർമാർ നന്നായി നടപ്പിലാക്കി. എന്നാൽ പോപ്പ് നന്നായി കളിച്ചു. ആകെ ടീമെന്ന നിലയിലാണ് ഞങ്ങൾ പരാജയപ്പെട്ടത്. മികച്ച രീതിയിലല്ല ഞങ്ങൾ ബാറ്റ് ചെയ്തത്. ബാറ്റർമാർ അഞ്ചാം ദിവസത്തിലേക്ക് കളികൊണ്ടുപോകുമെന്നാണ് കരുതിയത്. വാലറ്റം നന്നായി പൊരുതി- രോഹിത് പറഞ്ഞു.