IND VS ENG: "അവന്മാരെ ഞങ്ങൾ തോൽപ്പിച്ചേനെ, പക്ഷെ ആ ഒരു കാര്യം ഞങ്ങളുടെ പദ്ധതികളെ തകിടം മറിച്ചു": ബെൻ സ്റ്റോക്സ്

ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 336 റൺസിനാണ് ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. നീണ്ട 58 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.

ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം. ഇരു ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് നേട്ടം നേടിയ ആകാശ് ദീപും കളിയിൽ നിർണായക പ്രകടനം നടത്തി.

എന്നാൽ മത്സരം കൈവിട്ട നിമിഷം ഇതായിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ വരിഞ്ഞുകെട്ടാന്‍ തങ്ങള്‍ക്കു സുവര്‍ണാവസരം ലഭിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നാണ് സ്റ്റോക്‌സ് പറയുന്നത്.

ബെൻ സ്റ്റോക്സ് പറയുന്നത് ഇങ്ങനെ:

Read more

” വളരെ കടുപ്പമേറിയ തോല്‍വിയാണിത്. രണ്ടു മുഹൂര്‍ത്തങ്ങള്‍ ഈ കളിയിലുണ്ടായിരുന്നു. അവരെ അഞ്ചിന് 200 റൺസിന്‌ ലഭിച്ചിട്ടും അതു ഞങ്ങള്‍ക്കു മുതലാക്കാനായില്ല. അതിനു ശേഷം അവരുടെ വലിയ സ്‌കോറിനെതിരേ ആദ്യ ഇന്നിങ്‌സില്‍ അഞ്ചിന് 80 റണ്‍സില്‍ നിന്നും തിരിച്ചുവരികയെന്നതു വളരെ കടുപ്പവുമാണ്. ഈ ഗെയിമിന്റെ തുടക്കത്തിലേക്കു നോക്കിയാല്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു 200 റണ്‍സില്‍ നില്‍ക്കവെ ഞങ്ങള്‍ പെട്ടെന്നു കുറച്ചു വിക്കറ്റുകള്‍ കൂടി നേടിയിരുന്നെങ്കില്‍ കാര്യങ്ങളില്‍ മാറിയേനെ. ഗെയിം കൂടുതല്‍ കൂടുതല്‍ ആഴത്തിലേക്കു പോകവെ ഞങ്ങളേക്കാള്‍ ഇന്ത്യക്കു അനുയോജ്യമായ വിക്കറ്റായി ഇതു മാറുകയും ചെയ്തു” ബെൻ സ്റ്റോക്സ് പറഞ്ഞു.