'ഞങ്ങള്‍ ആതിഥ്യമര്യാദയുള്ള നല്ല ആളുകളാണ്'; ടീം ഇന്ത്യയോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി മാലിക്

2024ലെ ടി20 ലോകകപ്പ് വിജയിച്ചതിന് ശേഷം ഐസിസി ട്രോഫിക്കായുള്ള 11 വര്‍ഷത്തെ കാത്തിരിപ്പ് ഇന്ത്യ അവസാനിപ്പിച്ചു. 2025-ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യ പങ്കെടുക്കുന്ന അടുത്ത ഐസിസി ഇവന്റ്. പാക്കിസ്ഥാനിലാണ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 1996 ഏകദിന ലോകകപ്പിന് ശേഷം പാകിസ്ഥാന്‍ ഒരു ഐസിസി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമാണ്.

അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കെ ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഇതിനിടെ ടീം ഇന്ത്യയോട് രാജ്യത്തേക്ക് വരണമെന്ന് അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷൊയ്ബ് മാലിക്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ വെവ്വേറെ പരിഹരിക്കണമെന്നും സ്പോര്‍ട്സില്‍ അത്തരം രാഷ്ട്രീയം ഒഴിവാക്കണമെന്നും മാലിക് പറഞ്ഞു. 2023ല്‍ ഏകദിന ലോകകപ്പിനായി പാകിസ്ഥാന്‍ ടീം ഇന്ത്യയിലെത്തിയെന്നും ഇനി ഇന്ത്യ പാക്കിസ്ഥാനിലേക്കും വരണമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം പേരും രാജ്യത്ത് കളിച്ചിട്ടില്ലാത്തതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇതൊരു മികച്ച അവസരമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യങ്ങള്‍ക്കിടയിലുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ അത് പ്രത്യേകം പരിഹരിക്കണം. കായികരംഗത്തേക്ക് രാഷ്ട്രീയം വരരുത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ ടീം ഇന്ത്യയില്‍ പോയി, ഇപ്പോള്‍ ഇന്ത്യന്‍ ടീമിനും ഇത് നല്ല അവസരമാണെന്ന് ഞാന്‍ കരുതുന്നു.

ഇന്ത്യന്‍ ടീമില്‍ പാകിസ്ഥാനില്‍ കളിക്കാത്ത നിരവധി കളിക്കാര്‍ ഉണ്ട്. അതിനാല്‍ അവര്‍ക്ക് അത് വളരെ മികച്ചതായിരിക്കും. ഞങ്ങള്‍ വളരെ നല്ല ആളുകളാണ്. ഞങ്ങൾ വളരെ ആതിഥ്യമര്യാദയുള്ള ആളുകളാണ്.അതിനാല്‍ ഇന്ത്യന്‍ ടീം തീര്‍ച്ചയായും വരണം- മാലിക് പറഞ്ഞു.

Read more