ഇന്ത്യൻ ടി 20 ഫോർമാറ്റിൽ അക്രമണോസക്തമായ ബാറ്റിംഗ് മികവിലൂടെ എതിരാളികൾക്ക് മോശമായ സമയം കൊടുക്കുന്ന താരങ്ങളാണ് സഞ്ജു സാംസണും അഭിഷേക് ശർമയും. നേരിടുന്ന ആദ്യ പന്ത് തന്നെ ആക്രമിച്ച് കളിക്കുന്ന താരമാണ് അഭിഷേക് ശർമ. എന്നാൽ, ആദ്യ പന്തുകളെ ശ്രദ്ധിയോടെ നേരിട്ട് പിന്നീട് അഗ്രസീവ് മോഡ് ഓൺ ചെയ്യുന്നതാണ് സഞ്ജുവിന്റെ രീതി. അതുകൊണ്ട് തന്നെ തീയും ഐസും എന്നതാണ് ഇരുവർക്കും ലഭിച്ചിട്ടുള്ള വിശേഷണം.
ഇപ്പോഴിതാ അഭിഷേക് ശര്‍മയെ പോലെ താനും വളരെ അഗ്രസീവായി കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണെന്നും കാര്യങ്ങളെ വളരെ സിംപിളാക്കി നിര്‍ത്താനാണ് ശ്രമിക്കാറുള്ളതെന്നും സഞ്ജു സാംസണ്‍ പറഞ്ഞിരിക്കുകയാണ്.
‘ഞങ്ങൾ തീയും ഐസുമല്ല, തീയും തീയുമാണ്. ചില സമയങ്ങളിൽ അവൻ കത്തും, ചിലപ്പോൾ ഞാനും. അത്തരമൊരു കൂട്ടുകെട്ടാണ് ഞങ്ങളുടേത്. 2024-ൽ ഈ രീതിയിൽ ഞങ്ങൾ കളിക്കുന്നു. ഒരു കേരളീയ – പഞ്ചാബി സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്. എല്ലാം വളരെ സ്വാഭാവികമായി തന്നെ വരുന്നതാണ്. അതുകൊണ്ടു തന്നെ ഞങ്ങള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകാറില്ല’
Read more
‘ബോള്‍ എങ്ങനെയാണ് വരുന്നതെന്നു ബാറ്റിങിനിടെ അഭിഷേക് എന്നോടു ചോദിക്കും. സാധാരണ രീതിയിൽ ആണ് വരുന്നതെന്നും സിക്‌സടിച്ചോയെന്നുമായിരിക്കും ഞാന്‍ പറയുക.അഭിഷേക് വളരെ ധൈര്യശാലിയായ വ്യക്തിയാണ്. കളിക്കളത്തിന് അകത്തും പുറത്തുമെല്ലാം അഭിഷേകിനൊപ്പമുള്ള കൂട്ടുകെട്ട് എനിക്ക് ഏറെ ഇഷ്ടമാണ്’; സഞ്ജു വ്യക്തമാക്കി.







