അശ്വിനെ മൂന്നാമത് ഇറക്കിയത് മണ്ടന്‍ തീരുമാനമോ?, ക്രിക്കറ്റ് പ്രേമികള്‍ രണ്ട് തട്ടില്‍

പ്ലേഓഫിന്റെ വാതിക്കലെത്തി നിന്ന് ഭാഗ്യം പരീക്ഷിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഒരു മത്സരം ജയിച്ചാല്‍ പ്ലേഓഫ് ഉറപ്പിക്കാം എന്നിരിക്കെ ഒടുവില്‍ കളിച്ച മത്സരം പരാജയപ്പെട്ട് നില്‍ക്കുകയാണ് അവര്‍. ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹിയോട് എട്ട് വിക്കറ്റിനാണ് അവര്‍ തോറ്റത്. ഇതിന് പിന്നാലെ മത്സരത്തിലെ രാജസ്ഥാന്റെ ചില നിലപാടുകളും ചോദ്യം ചെയ്യപ്പെടുകയാണ്.

പവര്‍പ്ലേയില്‍ ജോസ് ബട്ട്‌ലര്‍ പുറത്തായതിന് പിന്നാലെ മൂന്നാം നമ്പരില്‍ ആര്‍ അശ്വിനെ ഇറക്കിയതാണ് ഇതിലൊന്ന്. മത്സരത്തില്‍ 38 ബോള്‍ നേരിട്ട് അശ്വിന്‍ 50 റണ്‍സ് നേടിയെങ്കിലും അശ്വിനെ മൂന്നാമത് ഇറക്കിയതില്‍ ആരാധകര്‍ രണ്ട് തട്ടിലാണ്. ഒരു യുക്തിയുമില്ലാത്ത ബാറ്റിംഗ് ഓര്‍ഡറെന്നാണ് ചിലര്‍ ഇതിനെ വിമര്‍ശിച്ചുന്നത്.

അശ്വിന്‍ 3 മത് ഇറങ്ങിയത് കൊണ്ട് നേട്ടമുണ്ടായത് അശ്വിനും ഡല്‍ഹിക്കും മാത്രമാണെന്നും അശ്വിന്റെ സ്ഥാനത്ത് നായകന്‍ സഞ്ജു സാംസണ്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് നേരത്തെ ഇറങ്ങണമായിരുന്നുമെന്നുമാണ് ഉയരുന്ന വിമര്‍ശനം.

എന്നാല്‍ അശ്വിനായതുകൊണ്ടാണ് ഇത്തരമൊരു വിവാദമെന്നാണ് മറുവാദം. അശ്വിന്റെ സ്ഥാനത്ത് ബട്ട്‌ലറോ, സഞ്ജുവോ മറ്റോ ആയിരുന്നെങ്കില്‍ അതിനെ സെന്‍സിബിള്‍ ഇന്നിംഗ്‌സായി വിലയിരുത്തുപ്പെടുമായിരുന്നെന്നും പിച്ചിന്റെ സ്വഭാവം മനസിലാക്കിയും മധ്യനിരയില്‍ ഹെറ്റ്‌മെയറിന്റെ അഭാവം കണക്കിലെടുത്താണ് പവര്‍പ്ലേയില്‍ അശ്വിനെ ഇറക്കിയതെന്നും ഇവര്‍ പറയുന്നു.