IPL 2025: കോഹ്ലിയെ വിവാദത്തിലേക്ക് വലിച്ചിഴച്ച് ഫോളോവേഴ്‌സിനെ കൂട്ടാനുളള ശ്രമമാണ്, എന്തൊരു വിഡ്ഢിയാണ് ഇവന്‍, തുറന്നടിച്ച് വിരാടിന്റെ സഹോദരന്‍

വിരാട് കോഹ്ലിക്കെതിരെയുളള പാട്ടുകാരന്‍ രാഹുല്‍ വൈദ്യയുടെ വിവാദ പരാമര്‍ശങ്ങളില്‍ മറുപടിയുമായി കോഹ്ലിയുടെ സഹോദരന്‍ വികാസ് കോഹ്ലി. കോഹ്ലിയെക്കാള്‍ വലിയ ജോക്കര്‍മാരാണ് അദ്ദേഹത്തിന്റെ ആരാധകര്‍ എന്നായിരുന്നു രാഹുല്‍ വൈദ്യ പറഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. അടുത്തിടെയാണ് വിരാട് കോഹ്ലി തന്നെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്ത കാര്യം രാഹുല്‍ വൈദ്യ തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെ കോഹ്ലിക്കെതിരെ രംഗത്തെത്തുകയായിരുന്നു രാഹുല്‍. കോഹ്ലിയും നടി അവ്‌നീത് കൗറും ഉള്‍പ്പെട്ട സമീപകാല വിവാദത്തെ പരാമര്‍ശിച്ച്, ഇത് മറ്റൊരു അല്‍ഗോരിതം പിഴവ് ആയിരിക്കാമെന്നാണ് രാഹുല്‍ വൈദ്യ പറഞ്ഞത്.

തുടര്‍ന്ന് കോഹ്ലിയുടെ ആരാധകര്‍ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചുവെന്നും ശേഷം കോഹ്ലിയുടെ ആരാധകര്‍ കോഹ്ലിയേക്കാള്‍ വലിയ കോമാളികള്‍ ആണെന്ന് രാഹുല്‍ പറയുകയും ചെയ്തു. അതേസമയം കോഹ്ലിയുടെ പേര് ഉപയോഗിച്ച് ഫോളോവേഴ്‌സിനെ കൂട്ടാന്‍ ശ്രമിക്കുകയാണ് ഈ ഇഡിയറ്റെന്ന് പറഞ്ഞുകൊണ്ടാണ് വികാസ് കോഹ്ലി രംഗത്തെത്തിയത്.

രാഹുല്‍ വൈദ്യ ഇതേ കഠിനാധ്വാനം തന്റെ സംഗീതത്തില്‍ ചെയ്താല്‍ ഒരുപക്ഷേ അയാള്‍ക്ക് പ്രശസ്തനാകാന്‍ കഴിയും. മുഴുവന്‍ രാജ്യവും നിലവിലെ സംഭവവികാസങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, വിരാടിന്റെ പേര് എടുത്ത് ഫോളോവേഴ്‌സിനെ നേടാനും പ്രശസ്തനാകാനുമുള്ള ഒരു ദൗത്യത്തിലാണ് ഈ വിഡ്ഢി, എന്തൊരു പരാജിതന്‍, വികാസ് കോഹ്ലി കുറിച്ചു.