'ഗുരുവിന്റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍', യുവ താരത്തെ പുകഴ്ത്തി വെംഗ്‌സര്‍ക്കര്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുവേണ്ടി ഉജ്വല പ്രകടനം പുറത്തെടുത്ത യുവ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്‌വാദിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെംഗ്‌സര്‍ക്കര്‍. ഗുരുതുല്യരുടെ വാക്കു കേള്‍ക്കുന്ന താരമാണ് ഗെയ്ക്ക്‌വാദ് എന്ന് വെംഗ്‌സര്‍ക്കര്‍ പറഞ്ഞു.

ഋതുരാജ് അര്‍ദ്ധ ശതകങ്ങള്‍ നേടുന്നുണ്ടായിരുന്നു. എന്നാല്‍ 20 ഓവറും കളിക്കാന്‍ ഞാന്‍ അവനോട് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ ടീം സ്‌കോര്‍ 200ല്‍ എത്തുമെന്ന് പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഋതുരാജ് അതാണ് ചെയ്തത്. ഇരുപത് ഓവറും ക്രീസില്‍ നിന്ന് സെഞ്ച്വറി നേടി. രാജസ്ഥാന്‍ വളരെ നന്നായി കളിച്ചതുകൊണ്ടാണ് സൂപ്പര്‍ കിംഗ്‌സ് ആ മത്സരത്തില്‍ തോറ്റത്- വെംഗ്‌സര്‍ക്കര്‍ പറഞ്ഞു.

ഋതുരാജിന് മികച്ച ശൈലിയും മനക്കരുത്തുമുണ്ട്. സെലക്ടര്‍മാര്‍ തീര്‍ച്ചയായും താരത്തിന് അവസരം നല്‍കണം. ഫോമിലുള്ള ഒരു കളിക്കാരനെ ഉള്‍പ്പെടുത്തിയാല്‍ ടീമിന് അതു ഗുണം ചെയ്യും. പ്രതിഭയും സ്വഭാവസവിശേഷതയും ബോധ്യപ്പെട്ടെങ്കില്‍ ഉടനടി ഋതുരാജിനെ ഇന്ത്യന്‍ ടീമിലെടുക്കണമെന്നും സെലക്ടര്‍മാരോട് വെംഗ്‌സര്‍ക്കര്‍ ആവശ്യപ്പെട്ടു.