'അയാളെ വെറുതേ ടീമില്‍ എടുത്തതോ ?', അന്വേഷണം വേണമെന്ന് വെങ്‌സര്‍ക്കര്‍

ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനെ മാറ്റനിര്‍ത്തുന്നതിനെ വിമര്‍ശിച്ച് മുന്‍ ബാറ്ററും സെലക്ടറുമായിരുന്ന ദിലീപ് വെങ്‌സര്‍ക്കര്‍. അശ്വിനെ ഒഴിവാക്കാനുള്ള കാരണം മനസിലാകുന്നില്ലെന്നും അതില്‍ അന്വേഷണം വേണമെന്നും വെങ്‌സര്‍ക്കര്‍ ആവശ്യപ്പെട്ടു.

എന്തിനാണ് അശ്വിനെ ദീര്‍ഘകാലം ടീമിന് പുറത്തുനിര്‍ത്തുന്നത്. അന്വേഷിക്കേണ്ട കാര്യമാണത്. എല്ലാ ഫോര്‍മാറ്റിലുമായി 600ലേറെ വിക്കറ്റുകളുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറാണ് അശ്വിന്‍. സീനിയര്‍ സ്പിന്നറായ അയാളെ തുടര്‍ച്ചയായി ടീമില്‍ എടുക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഒരു ടെസ്റ്റില്‍ പോലും അശ്വിന്‍ കളിച്ചില്ല. ടി20 ലോക കപ്പിലും അങ്ങനെ തന്നെ. അശ്വിനെ കളിപ്പിക്കാത്തത് നിഗൂഢമായ കാര്യമാണ്- വെങ്‌സര്‍ക്കര്‍ പറഞ്ഞു.

ലോക കപ്പില്‍ ഇന്ത്യന്‍ ടീം പാടേ നിറംമങ്ങി. കളിക്കാരെല്ലാം ക്ഷീണിതരായി തോന്നി. ബയോബബിളിന്റെ വീര്‍പ്പുമുട്ടലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാണോ അതിന് കാരണമായതെന്ന് അറിയില്ല. ബാറ്റിംഗിലായാലും ബോളിംഗിലായാലും തിളക്കമില്ലാത്ത പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ടി20യില്‍ തുടക്കം മുതല്‍ കളിക്കാര്‍ ഊര്‍ജസ്വലരായിരിക്കണം- വെങ്‌സര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.