ടീമില്‍ നിന്നും തഴഞ്ഞവരുടെ കണ്ണു തള്ളിച്ച് ഖ്വാജ വീണ്ടും ; ആഷസില്‍ നാലാം മത്സരത്തിലൂം ഇംഗ്‌ളണ്ടിന് രക്ഷയില്ല

മൂന്ന് വര്‍ഷത്തോളം തന്നെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയ സെലക്ടര്‍മാരുടെ നെറ്റി വീണ്ടും ചുളിപ്പിച്ച് ഓസ്‌ട്രേലിയന്‍ ടീമിലെ പാക് വംശജന്‍ ഉസ്മാന്‍ ഖ്വാജയ്ക്ക് സെഞ്ച്വറി വീണ്ടും. ആദ്യ ഇന്നിംഗ്‌സില്‍ 137 റണ്‍സ് അടിച്ച ഖ്വാജ രണ്ടാം ഇന്നിംഗ്‌സിലും ഓസ്‌ട്രേലിയയ്ക്കായി സെഞ്ച്വറി നേടി. ആഷസിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ നാലാം മത്സരത്തിലും ഇംഗ്‌ളണ്ടിന്റപ്രതീക്ഷ തകര്‍ക്കുകയാണ്. ടെസ്റ്റിന്റെ നാലാം മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഓസ്‌ട്രേലിയ 265 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.

തുടര്‍ച്ചയായി രണ്ടാം ഇന്നിംഗ്‌സിലും തന്റെ ബാറ്റിംഗ് മികവ് തുടര്‍ന്ന ഖ്വാജ 138 പന്തുകളില്‍ നിന്നും 101 റണ്‍സ് എടുത്തു. പത്തു ബൗണ്ടറികളും രണ്ടു സിക്‌സറുകളും പറത്തി. ആഷസിന്റെ 140 വര്‍ഷത്തെ ചരിത്രത്തില്‍ സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് തുടര്‍ച്ചയായി രണ്ടു ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ താരമായിട്ടാണ് ഖ്വാജ മാറിയത്. ഒരു ടെസ്റ്റ് മത്സരത്തില്‍ രണ്ടു സെഞ്ച്വറി നേടുന്ന ആറാമത്തെ കളിക്കാരനുമായി. 74 റണ്‍സ എടുത്ത കാമറൂണ്‍ ഗ്രീനുമായി 179 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഖ്വാജ ഉണ്ടാക്കിയത്.

ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്്മിത്തും ഉള്‍പ്പെടെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെല്ലാം എളുപ്പം കൂടാരം കയറി 86 ന് നാലു വിക്കറ്റ് നഷ്ടമായ അവസ്ഥയിലായിരുന്നു ഇരുവരും കൂട്ടുചേര്‍ന്നത്. ഇരുവരും ചേര്‍ന്ന് ഇംഗ്‌ളണ്ടിന്റെ വിജയലക്ഷ്യം 388 റണ്‍സാക്കി പുനര്‍നിര്‍വ്വചിച്ചു. തുടര്‍ച്ചയായി രണ്ട് ഇന്നിംഗ്‌സുകളില്‍ സെഞ്ച്വറിനേട്ടം ഉണ്ടാക്കി ഹൊബാര്‍ട്ടിലെ അടുത്ത ടെസ്റ്റിലും സ്ഥാനം ഉറപ്പാക്കാന്‍ ഖ്വാജയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. പരമ്പരയില്‍ ആശ്വാസജയം കുറിക്കാന്‍ പാടുപെടുന്ന ഇംഗ്‌ളണ്ടിന് ജയിക്കാന്‍ അവസാന ദിവസം 358 റണ്‍സാണ് ലക്ഷ്യം.