ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു; നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയില്‍ മാറ്റം

കോവിഡിനെ തുടര്‍ന്ന് മാറ്റിവച്ച ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി)യാണ് പുതിയ തിയതി പുറത്തുവിട്ടത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

2022 ജൂലൈ ഒന്നിന് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് നടത്താനാണ് തീരുമാനം. മാഞ്ചസ്റ്ററില്‍ നിന്ന് ടെസ്റ്റിന്റെ വേദി എഡ്ജ്ബാസ്റ്റണിലേക്ക് മാറ്റിയിട്ടുണ്ട്. ടെസ്റ്റിന്റെ തിയതി പുതുക്കിയതോടെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പര നേരത്തെ തീരുമാനിച്ചതിലും ആറു ദിവസംവൈകിയേ ആരംഭിക്കുകയുള്ളു.

ഹെഡ് കോച്ച് രവി ശാസ്ത്രിക്കും അസിസ്റ്റന്റ് ഫിസിയോക്കും അടക്കം ഇന്ത്യന്‍ ക്യാംപിലെ ചിലര്‍ക്ക് കോവിഡ് ബാധിച്ചതാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് മാറ്റിവക്കുന്നതിലേക്ക് നയിച്ചത്. ഓവല്‍ ടെസ്റ്റിന് മുന്‍പ് ലണ്ടനില്‍ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിന്റെ നടപടി കടുത്ത വിവാദത്തിന് വഴിവെച്ചിരുന്നു. ടെസ്റ്റ് താല്‍ക്കാലികമായി ഉപേക്ഷിച്ചതോടെ താരങ്ങള്‍ ഐപിഎല്‍ രണ്ടാം ലെഗില്‍ കളിക്കുന്നതിനുവേണ്ടി യുഎഇയിലേക്ക് വിമാനം കയറുകയും ചെയ്തു.