അണ്ടര്‍ 19 ലോകകപ്പ്: ആവേശപ്പോരാട്ടം ഇന്ന്, ഇന്ത്യ കിരീടം കാക്കുമോ?

അണ്ടര്‍19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇന്ത്യയുടെ ഏഴാമത്തെ കൗമാര ലോകകപ്പ് ഫൈനലാണിത്. ബംഗ്ലാദേശ് ആദ്യമായാണ് ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സില്‍ തല്‍സമയം കാണാം.

2016ലെ ഫൈനലിന് ശേഷം ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. 2018ല്‍ എല്ലാ കളിയും ജയിച്ചാണ് ചാമ്പ്യന്മാരായത്. ഇത്തവണ ഫൈനല്‍ വരെ അജയ്യരായാണ് കുതിപ്പ്. തുടര്‍ച്ചയായ 11 വിജയങ്ങള്‍.

കളിമികവില്‍ ഇരു ടീമുകളും മുന്നിട്ടു നില്‍ക്കുന്നു. അഞ്ച് കളിയില്‍ പാകിസ്ഥാനെതിരായ സെഞ്ച്വറിയടക്കം 312 റണ്‍സെടുത്ത യശസ്വീ ജയ്‌സ്വാളിന്റെ ബാറ്റിന് ബംഗ്ലാദേശ് പകരംവയ്ക്കുന്നത് മുഹമ്മദുല്‍ ഹസന്‍ ജോയി. അതിവേഗത്തില്‍ പന്തെറിയുന്ന കാര്‍ത്തിക് ത്യാഗി, സുശാന്ത് മിശ്ര ജോഡിക്ക് തന്‍സിം ഹസന്‍, സാകിബ് ഷറീഫുള്‍ ഇസ്ലാമും രവി ബിഷ്‌ണോയിയുടെ സ്പിന്‍ കരുത്തിന് റാകിബുള്‍ ഹസനും ബംഗ്ലാ മറുപടിയാവും. മുന്‍പ് ഏറ്റുമുട്ടിയപ്പോള്‍ നാലില്‍ ഇന്ത്യയും ഒരിക്കല്‍ ബംഗ്ലാദേശും ജയിച്ചു.

കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചാണ് ഇന്ത്യ കിരീടത്തിലേക്ക് കുതിച്ചത്. പാകിസ്ഥാനെ ഇന്ത്യ പത്ത് വിക്കറ്റിന് തകര്‍ത്ത അതേ വിക്കറ്റിലാണ് ഫൈനല്‍ പോരാട്ടം. മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനമെങ്കിലും കളിമുടങ്ങാന്‍ സാധ്യതയില്ല.