ഉമേഷ് യാദവിനു തീ പന്തുകള്‍ക്ക് പിന്നാലെ ആന്ദ്രേ റസ്സലിന്റെ വെടിക്കെട്ട് ; കെകെആര്‍ വിജയവഴിയില്‍ തിരിച്ചെത്തി

തുടക്കത്തില്‍ ഉണ്ടായ തകര്‍ച്ചയെ അതിജീവിച്ച് മദ്ധ്യനിരയില്‍ ആന്ദ്രേ റസ്സലും സാം ബില്ലിംഗ്‌സും അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പഞ്ചാബ് കിംഗ്‌സ് ഇലവനെതിരേ വിജയം. മുന്‍നിര തകര്‍ന്നുപോയ കെകെ ആറിനെ കൂറ്റനടികള്‍ കൊണ്ട് മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് അര്‍ദ്ധശതകം നേടിയ ആന്ദ്രേ റസല്‍ ആയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇലവണെ 138 റണ്‍സിന് പുറത്താക്കിയ കൊല്‍ക്കത്ത നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. റസല്‍ തകര്‍പ്പനടികള്‍ പുറത്തെടുത്തതോടെ പഞ്ചാബിന്റെ സ്‌കോര്‍ 14 ഓവറില്‍ കൊല്‍ക്കത്ത മറികടന്നു. കൊല്‍ക്കത്തയുടെ മൂന്നാമത്തെ മത്സരമായിരുന്നു. രണ്ടാമത്തെ മത്സരത്തില്‍ ആര്‍സിബിയോട് തോല്‍വി നേരിട്ട അവര്‍ വീണ്ടും വിജയ വഴിയില്‍ തിരിച്ചെത്തി. പഞ്ചാബിന്റെ രണ്ടാമത്തെ മത്സരമായിരുന്നു.

തകര്‍ത്തടിച്ച ആന്ദ്രേ റസ്സലിന്റെ ബാറ്റിംഗാണ് മത്സരം കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കി തീര്‍ത്തത്. 31 പന്തില്‍ 70 റണ്‍സാണ് താരം അടിച്ചത്. 26 പന്തുകളിലായിരുന്നു റസല്‍ അര്‍ദ്ധശതകം കുറിച്ചത്. എട്ട്് സിക്‌സറാണ് റസല്‍ പറത്തിയത്. രണ്ടു ഫോറുകളും താരം അടിച്ചു. കൂട്ടു നിന്ന സാം ബില്ലിംഗ്‌സ് 23 പന്തുകളില്‍ 24 റണ്‍സ് നേടി. ഓപ്പണര്‍ അജിങ്ക്യാ രഹാനേ 12 റണ്‍സിനും വെങ്കിടേഷ് അയ്യര്‍ മൂന്ന് റണ്‍സിനും പുറത്തായിരുന്നു. പിന്നാലെ വന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 15 പന്തില്‍ 26 റണ്‍സിനും പുറത്തായി. നിതീഷ് റാണ അക്കൗണ്ട്് തുറക്കും മുമ്പും പുറത്തായി. ഇതിന് ശേഷം സാം ബില്ലിംഗ്‌സും ആന്ദ്രേ റസ്സലും ഒന്നിച്ചതോടെ കൊല്‍ക്കത്ത വിജയവഴിയില്‍ തിരിച്ചെത്തുകയും ചെയ്തു.

നേരത്തേ കൊല്‍ക്കത്ത ബൗളര്‍ ഉമേഷ് യാദവിന്റെ ഉജ്വല ബൗളിംഗായിരുന്നു പഞ്ചാബിനെ വീഴ്ത്തിയത്. നാല് ഓവര്‍ എറിഞ്ഞ ഉമേഷ് യാദവ് 23 റണ്‍സിന് നാലു വിക്കറ്റ് ആണ് വീഴ്ത്തിയത്. ടിം സൗത്തി. 36 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തിയിരുന്നു. കൊല്‍ക്കത്ത നിരയില്‍ 31 റണ്‍സ് എടുത്ത ശ്രീലങ്കന്‍ താരം രാജപക്‌സേയ്ക്ക് ഒഴികെ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല.