ഇന്ത്യന്‍ ടീമില്‍ രണ്ട് ചേരികള്‍, അതില്‍ ഒന്ന് കോഹ്ലി വിരുദ്ധര്‍, വിവാദത്തിന് തിരി കൊളുത്തി മുന്‍ പാക് പേസര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ചേരിതിരിവെന്ന ആരോപണവുമായി പാകിസ്ഥാന്റെ മുന്‍ സ്റ്റാര്‍ പേസര്‍ ഷൊയ്ബ് അക്തര്‍. താരങ്ങളില്‍ ഒരു വിഭാഗം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ എതിര്‍ക്കുന്നതായും അക്തര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ രണ്ട് ചേരികളുണ്ട്. ഒരു വിഭാഗം കോഹ്ലിക്കൊപ്പവും മറുവിഭാഗം എതിരെയുമാണ്. വളരെ വ്യക്തമാണത്. ടീം രണ്ടായി പിരിഞ്ഞതായി തോന്നുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് അറിയില്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലിയുടെ അവസാന ടി20 ലോക കപ്പ് ആയതിനാലാകാം. വിരാട് തെറ്റായ തീരുമാനങ്ങള്‍ എടുത്തിരിക്കാമെന്നത് സത്യമാണ്. എന്നാല്‍ മഹാനായ ക്രിക്കറ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തെ ബഹുമാനിക്കണം- അക്തര്‍ പറഞ്ഞു.

വിമര്‍ശനം പ്രധാനമാണ്. കാരണം ഇന്ത്യ മോശം ക്രിക്കറ്റാണ് കളിച്ചത്. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ മനോഭാവം തെറ്റായിരുന്നു. ടോസ് നഷ്ടമായതോടെ ഇന്ത്യന്‍ കളിക്കാരുടെ തല കുനിഞ്ഞു. മത്സരത്തെ കുറിച്ച് ഇന്ത്യക്ക് യാതൊരു ധാരണയുമില്ലായിരുന്നു. ടോസ് മാത്രമാണ് തോറ്റത്. മത്സരം മുഴുവനുമല്ല. ഇന്ത്യ കളത്തില്‍ ഇറങ്ങിയെന്നേയുള്ളൂ ഒരു ഗെയിംപ്ലാനും ഉണ്ടായിരുന്നില്ലെന്നും അക്തര്‍ നിരീക്ഷിച്ചു.