ആ രണ്ട് പേരാണ് ഞങ്ങളുടെ തോല്‍വിയ്ക്ക് കാരണം; തുറന്നടിച്ച് വിന്‍ഡീസ് പരിശീലകന്‍

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര അടിയറവുവെക്കേണ്ടിവന്നതിന്റെ കാരണം വെളിപ്പെടുത്തി വിന്‍ഡീസ് മുഖ്യ പരിശീകന്‍ ഫില്‍ സിമ്മണ്‍സ്. ഇന്ത്യയുടെ ജയത്തില്‍ ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെയുള്ള പ്രകടനം ചൂണ്ടിക്കാട്ടാനാവുമെങ്കിലും വിന്‍ഡീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത് ഇന്ത്യയുടെ രണ്ട് താരങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ തോല്‍വികള്‍ക്ക് കാരണം രണ്ട് പേരാണ്. ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്ലും ബോളിംഗില്‍ മുഹമ്മദ് സിറാജും. ആദ്യ മത്സരത്തിലെ അവസാന ഓവറില്‍ സിറാജ് ഗംഭീരമായാണ് പന്തെറിഞ്ഞത്. ന്യൂബോളിലും അവന്‍ മികവ് കാട്ടുന്നു. ശര്‍ദുല്‍ താക്കൂറിന്റെ ബോളിംഗും ഇതോടൊപ്പം മികച്ചതായിരുന്നു. ഞങ്ങളുടെ ബോളര്‍മാരേക്കാള്‍ ഇന്ത്യയുടെ ബോളിംഗ് മുന്നിട്ട് നിന്നെന്നാണ് കരുതുന്നത്.’

‘മൂന്നാം മത്സരത്തില്‍ മഴ പ്രതികൂലമായെന്ന് ന്യായീകരിക്കുന്നില്ല. കാരണം രണ്ട് ടീമിനെയും മഴ ബാധിച്ചിരുന്നു. റണ്‍സ് പിന്തുടരുമ്പോള്‍ പെട്ടെന്ന് ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. 10 ഓവറുകള്‍ ബാക്കിനില്‍ക്കുമ്പോഴും ഞങ്ങള്‍ക്ക് എത്താവുന്ന ദൂരത്തിലായിരുന്നു വിജയലക്ഷ്യമെങ്കിലും വിക്കറ്റ് കാക്കാനായില്ല’ സിമ്മണ്‍സ് പറഞ്ഞു.

മൂന്ന് മത്സരത്തില്‍ നിന്ന് 102 ശരാശരിയില്‍ 205 റണ്‍സാണ് ഗില്‍ നേടിയത്. മൂന്നാം മത്സരത്തില്‍ മഴ ചതിച്ചില്ലായിരുന്നെങ്കില്‍ കന്നി ഏകദിന സെഞ്ച്വറി ഗില്‍ നേടുമായിരുന്നു.