ഹോ.. ജീവിതത്തിന്റെ വിലയുള്ള ആ അഞ്ചു റണ്ണുകള്‍.., ഇന്നും പിടി കിട്ടിയിട്ടില്ലാത്ത തോല്‍വി!

രാകേഷ്

ഹോ.. ജീവിതത്തിന്റെ വിലയുള്ള ആ അഞ്ചു റണ്ണുകള്‍.. ഇന്നലെ ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് സെമിയില്‍ ആസ്ട്രേലിയയോട് 5 റന്‍സിന് തോറ്റപ്പോള്‍ ഓര്‍ത്തത് പഴയ ഒരു സെമി ഫൈനല്‍ ആണ്.. 1996 ല്‍ ഇന്ത്യയില്‍ നടന്ന വില്‍സ് വേള്‍ഡ് കപ്പിന്റെ സെമി ഫൈനല്‍…മൊഹാലിയില്‍ ആണ് മത്സരം.. കളിക്കുന്നത് ആസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍.

ഒരുകാലത്തു ലോകം അടക്കിവാഴുകയും പിന്നെ ആ പ്രതാപമെല്ലാം നഷ്ടപ്പെട്ട് വിന്‍ഡീസ് ചാരത്തില്‍ നിന്നും ആളി ജ്വലിച്ചു കത്താന്‍ വന്ന കനല്‍ പോലെ തിരിച്ചു വരികയാണ്.. ആദ്യമായി ലോകകപ്പ് കളിക്കുന്ന ദുര്‍ബല ടീമായ കെനിയയോട് പ്രാഥമിക റൗണ്ടില്‍ നേരിട്ട നാണംകെട്ട തോല്‍വിക്ക് ശേഷം ഇപ്പോള്‍ നേരിടാന്‍ പോവുന്ന ആസ്ട്രേലിയയേയും നോക്കോട്ടില്‍ കിരീട സാധ്യത കല്പിച്ച സൗത്ത് ആഫ്രിക്കയെയും തകര്‍ത്തു സെമിയില്‍ എത്തിയിരിക്കുകയാണ് വിന്‍ഡീസ്..

റിച്ചി റിച്ചാര്‍ഡ്‌സും ചന്ദര്‍പോളും സാക്ഷാല്‍ ബ്രയാന്‍ ലാറയുമുള്ള ഏത് കൊല കൊമ്പനെയും തകര്‍ക്കാന്‍ പോന്ന ബാറ്റിങ് ലൈനപ്പ്. കട്‌ലി അംബ്രോസ് എന്ന ഉഗ്ര രൂപി, കോട്‌നി വല്‍ഷ് എന്ന ശാന്തനായ സംഹാരകന്‍, ഇയാന്‍ ബിഷപ്പ് എന്ന അതികായന്‍… കേള്‍ക്കുമ്പോള്‍ തന്നെ ഏത് ബാറ്റ്സ്മാനും കിടുങ്ങിപോവുന്ന ബൗളിംഗ് അറ്റാക്ക്..

ആസ്ട്രേലിയ ആണെങ്കില്‍ പരിചയസമ്പന്നരായ മാര്‍ക് -സ്റ്റീവ് വോ സഹോദരന്‍മാരും മാര്‍ക് ടെയ്ലര്‍ എന്ന ബുദ്ധിരാക്ഷസനായ ക്യാപ്റ്റനും, റിക്കി പോണ്ടിങ് എന്ന യുവ പ്രതിഭയും ( റിക്കിയുടെ തുടക്കകാലമാണ് അന്ന്) പിന്നെ മൈക്കല്‍ ബെവന്‍ എന്ന രക്ഷകനും (ഫിനിഷര്‍ എന്ന വാക്കൊന്നും അന്ന് ആരും ഉപയോഗിച്ച് കണ്ടില്ല) ഷെയ്ന്‍ വോന്‍ എന്ന മായജാലക്കാരനും മഗ്രാത് എന്ന വിക്കറ്റ് വേട്ടക്കാരനും ചേര്‍ന്ന സന്തുലിത ടീം..

പ്രൊഫഷണലിസം ഇത്തിരി കൂടുതല്‍ ഓസീസിന് തന്നെ.. അങ്ങനെ കളി തുടങ്ങി. ടോസ് നേടി ആസ്ട്രേലിയ ബാറ്റിങ്ങിനിറങ്ങി… സ്‌കോര്‍ കാര്‍ഡ് തുറക്കും മുന്‍പ് അംബ്രോസ് തീ തുപ്പി. രണ്ടാം.പന്തില്‍ മാര്‍ക് വോ പുറത്ത്….പിന്നെ ബിഷപ്പിന്റെ ഊഴം. ടെയ്ലറിന്റെ വിക്കറ്റ് പിഴുതാണ് പന്ത് പോയത്. വീണ്ടും അംബ്രോസ്.. ഇത്തവണ പോണ്ടിങ് ഔട്ട്. മാരകമായ ബൗളിംഗില്‍ ആസ്ട്രേലിയന്‍ ബാറ്റിങ് ആടി ഉലഞ്ഞു. ആംബ്രോസിന്റെയും ബിഷപ്പിന്റെയും ഓരോ ഓവറും
ആസ്ട്രേലിയന്‍ നിരയില്‍ ഭീതി വിതച്ചു. പത്താമത്തെ ഓവര്‍ തികയും മുന്‍പേ ആസ്ട്രേലിയക്ക് 4 മുന്‍നിര വിക്കറ്റും പോയി.. ആകെയുള്ളത് 15 റണ്‍സ്.. അപ്പോള്‍ തന്നെ എല്ലാ കഴിഞ്ഞതായി അവര്‍ക്ക് തോന്നി.

ബെവനും സ്റ്റുവര്‍ട്ട് ലോ യും പതുക്കെ രക്ഷാപ്രവര്‍ത്തനം തുടങ്ങി.. അങ്ങനെ അര്‍ധ സെഞ്ചുറി നേടി രണ്ടു പേരും ചേര്‍ന്ന് ടീമിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചു.. അവസാനം ഇയാന്‍ ഹീലിയുടെ രണ്ടു മൂന്നു ഷോട്ടും കൂടി ചേര്‍ന്ന് ആസ്ട്രേലിയ 207 റണ്‍സ് നേടി.. ജയിക്കുക എന്നത് വിന്ഡീസിന് ഇനി വെറും ചടങ്ങ് മാത്രമാണ്.. വിജയം ഉറപ്പിച്ചു കൊണ്ട് അവര്‍ ചെയ്സിന് ഇറങ്ങി..

ഓപ്പണര്‍ കോട്‌നി ബ്രൗണ് ഷെയ്ന്‍ വോണിന്റെ സ്പിന്നില്‍ കുരുങ്ങിയെങ്കിലും ഇപ്പുറത്ത് ചന്ദര്‍പോള്‍ നങ്കൂരമിട്ടിരുന്നു. മൂന്നാമത് ഇറങ്ങിയ ബ്രയാന്‍ ലാറ മനോഹരമായ ഷോട്ടുകള്‍ പായിച്ചു കൊണ്ട് ടീമിനെ ജയത്തോട് അടുപ്പിച്ചു കൊണ്ടിരിക്കുകയാണ്. നന്നായി കളിച്ചു കൊണ്ടിരുന്ന ലാറക്ക് എതിരെ സ്റ്റീവ് വോ ബൗള്‍ ചെയ്യാന്‍ വരുന്നു. തികച്ചും അപ്രതീക്ഷിതം എന്നേ പറയാന്‍ കഴിയൂ..എങ്ങിനെയോ വോയുടെ ആ പന്തിന്റെ ലൈന്‍ ലാറക്ക് മിസ്സാവുന്നു….വിക്കറ്റ് പോവുന്നു
45 run നേടിയ ലാറ പുറത്താവുമ്പോള്‍ സ്‌കോര്‍ 93/2

ക്യാപ്റ്റന്‍ റിച്ചി റിച്ചാര്‍ഡ്സ് വന്നു..വളരെ പതുക്കെയാണ് കളിക്കുന്നത്.. അപ്പുറത്ത് ചന്ദര്‍പോളും പ്രതിരോധത്തില്‍ ഊന്നിയുള്ള കളി.. ടെസ്റ്റില്‍ കളിക്കുന്ന പോലെ ഇരുവരും മന്ദ താളത്തില്‍ കളിക്കുകയാണ്…120 പന്തില്‍ 80 run നേടിക്കഴിഞ്ഞചന്ദര്‍പോള്‍ ആകെ മടുത്ത മട്ടാണ്…അങ്ങനെ മഗ്രാത്തിനെ ഉയര്‍ത്തി അടിക്കാന്‍ നോക്കിയ ചന്ദര്‍പോളിനെ മിഡ് ഓണില്‍ പിടി കൂടുന്നു.. 165/3
ഇനി 7വിക്കറ്റ് ഉണ്ട് ജയിക്കാന്‍ 43 runs.. അടുത്ത ഓവറില്‍ മഗ്രാത് ചന്ദര്‍പോളിന് പകരം ഇറങ്ങിയ ഹാര്‍പ്പറിനെ പുറത്താക്കുന്നു.. അവസാന 6 ഓവറില്‍ ജയിക്കാന്‍ വേണ്ടത് 30 റണ്‍സ്..

റിച്ചാര്‍ഡ്‌സന്‍ ക്രീസിലുണ്ട്.. അപ്പോഴാണ് ഷെയ്ന്‍ വോന്‍ എന്ന രഹസ്യായുധത്തെ ടെയ്ലര്‍ രണ്ടാം സ്‌പെല്ലിന് വിളിക്കുന്നത്.. ആ വരവിലെ ആദ്യബോളില്‍ തന്നെ വിക്കറ്റ്.. ഒരു കൊടുങ്കാറ്റിന്റെ സൂചനയാണോ ഇത്.. വിന്‍ഡീസ് ചെറുതായി ഒന്ന് ഞെട്ടി.. ഈ തക്കം നോക്കി ആസ്ട്രേലിയ പിടിമുറുക്കി.. ഫീല്ഡിങ് ശക്തമാക്കി..റണ്ണുകള്‍ കിട്ടാതെ വിന്‍ഡീസ് ബാറ്‌സ്മാന്‍മാര്‍ വിഷമിച്ചു ..
ബോളുകള്‍ കുറയുകയും എടുക്കേണ്ട റണ്‍സ് കൂടുകയും ചെയ്യുന്നു..

തന്റെ ആഞ്ജക്കനുസരിച്ചു ആളുകളെ വരുതിയില്‍ നിര്‍ത്തുന്ന മന്ത്രവാദിയെപ്പോലെ വോണ്‍ പന്ത് വീണ്ടും കയ്യില്‍ എടുക്കുന്നു.. ഏത് ബോളിലും വിക്കറ്റ് എടുക്കാം എന്ന അവസ്ഥ.. പറഞ്ഞ പോലെ..ആറാം വിക്കറ്റും വീഴുന്നു, വിന്‍ഡീസ് 183/6… ഇനി 3 ഓവറില്‍ 25 run വേണം.. പരിഭ്രാന്തി പൂണ്ട വിന്‍ഡീസ് പ്ലെയേഴ്സ് വെറുതെ വീശി അടിക്കാന്‍ നോക്കുന്നു.. ഫ്‌ലെമിംഗിന്റെ ഓവറില്‍ കാടനടിക്ക് പോയ ആര്‍തര്‍ട്ടന്റെ ബാറ്റിന്റെ എഡ്ജില്‍ തട്ടി കീപ്പര്‍ക്ക് ക്യാച്ച്..
വിന്‍ഡീസിന്റെ ഏഴാം വിക്കറ്റും വീഴുന്നു.. പണ്ട് വീണ്ടും ഷെയ്ന്‍ വോണിന്റെ കയ്യിലേക്ക് ക്യാപ്റ്റന്‍ കൊടുക്കുന്നു..

അത്യുജ്വലമായ ഒരു ഫ്‌ലിപ്പര്‍…എന്താണ് സംഭവിച്ചത് എന്നുപോലും മനസ്സിലാകാതെ ബിഷപ്പ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുന്നു.. എട്ടു വിക്കറ്റും വീണു കഴിഞ്ഞു.. ഒരു ഉന്മാദിയെപ്പോലെ വോണ്‍ മൈതാനത്ത്.. തന്റെ കൂട്ടാളികള്‍ ഓരോന്നായി വീഴുന്നത് കണ്ട ക്യാപ്റ്റന്‍ റിച്ചാര്‍ട്‌സന്‍ ആകെ പകച്ചു നില്‍ക്കുന്നു..ഇനി ബൗളര്‍മാര്‍ മാത്രമേ ബാറ്റിങ്ങിനിറങ്ങാന്‍ ഉള്ളു…

അങ്ങനെ അവസാന ഓവര്‍… ജയിക്കാന്‍ വേണ്ടത് 10 റണ്‍സ് 9 എടുത്ത് സമനില ആക്കിയാല്‍ പോലും വിന്‍ഡീസിന് ഫൈനലിലേക്ക് ക്വാളിഫൈ ചെയ്യാം.. ഡാമിയന്‍ ഫ്‌ലെമിംഗ് എറിയാന്‍ വരുന്നു.. ഇനി കാത്തു നിന്നാല്‍ അപകടം ആണെന്ന് മനസിലാക്കി രണ്ടും കല്പിച്ചു.. ആഞ്ഞു വീശുന്ന റിച്ചാര്‍ഡ്‌സന്‍.. അതാ ബൗണ്ടറി.. അതേ ഇനി 5 ബോളില്‍ 5 റണ്‍സ് മാത്രം മതി..റിച്ചാര്‍ഡ്‌സന്‍ കളി ജയിപ്പിക്കും എന്നു ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.. അടുത്ത പന്ത് inside edge….സ്റ്റമ്പിനരികിലൂടെ കീപ്പര്‍ ഇയാന്‍ ഹീലിയുടെ അടുത്തേക്ക്..

May be an image of 3 people, people playing sport, people standing and text

അപ്പോഴാണ് ഒരു സിംഗിള്‍ എടുക്കാം എന്ന ശപിക്കപ്പെട്ട ചിന്ത റിച്ചാര്‍ഡ്‌സന്റെ മനസിലേക്ക് വന്നത്.. ഹീലിയുടെ കയ്യില്‍ ബോള്‍ എത്തുന്നതിനു മുന്‍പ് അയാള്‍ റണ്ണിനായി ആംബ്രോസിനെ വിളിച്ചു കൊണ്ട് ഓടാന്‍ തുടങ്ങി. അപ്പുറത്ത് നിന്ന അംബ്രോസ് ഓടി എത്തുമ്പോഴേക്കും ഹീലി പന്ത് കരസ്ഥമാക്കി കുറ്റി തെറിപ്പിച്ചിരുന്നു..ലഒന്പത് വിക്കറ്റും പോയിരിക്കുന്നു.

സംഘര്‍ഷത്തിന്റെ നിമിഷങ്ങള്‍…ശ്വാസം അടക്കി പിടിച്ചു കൊണ്ട് കാണികളും.. . ഇനി വാല്‍ഷ് മാത്രം…4 ബോളും ബാക്കിയുണ്ട്…ഫ്‌ലെമിംഗ് പന്തെടുത്തു… സിംഗിള്‍ എടുത്താല്‍ റിച്ചാര്‍ഡ്‌സന്‍ അപ്പുറമെത്തും പിന്നെ നോക്കണ്ട…. ഓഫ് സ്റ്റമ്പിന്റെ പുറത്തേക്കു പോവുന്ന പന്ത്..വാല്‍ഷ് ഡ്രൈവ് ചെയ്യാനായി ബാറ്റ് ഉയര്‍ത്തിക്കൊണ്ട് ആയുന്നു…ഓഫിന് വെളിയില്‍ നിന്നും പന്ത് തിരിഞ്ഞു സ്റ്റമ്പിന്റെ മേല്‍ ഭാഗം തകര്‍ത്തു കൊണ്ട് പോകുന്നു…. ആസ്ട്രേലിയ ഫൈനലില്‍…

ജയത്തിന്റെ പിടിയില്‍ നിന്ന് തോല്‍വിയുടെ വായിലേക്ക് തന്റെ ടീം കൂപ്പുകുത്തിയ ദുരന്തകാഴ്ച കണ്ട് ഹൃദയം തകര്‍ന്ന് റിച്ചാര്‍ഡ്‌സന്‍ അപ്പുറത്ത്… ആ തോല്‍വിയെക്കുറിച്ച് ഇതിഹാസബൗളര്‍
കട്‌ലി അംബ്രോസ് പിന്നീട് പറഞ്ഞ വാക്കുകള്‍ കേള്‍ക്കൂ ‘ 1996 ലോകകപ്പിലെ ആ തോല്‍വി ഇന്നും എന്നെ വേട്ടയാടുന്നു. എന്റെ കരിയറില്‍ എനിക്ക് ഉണ്ടായിരുന്ന ഒരേയൊരു ദുഃഖം ഇതാണ്…
എന്റെ കരിയര്‍ നേട്ടങ്ങളില്‍ ആ ലോകകപ്പ് ജയം ഒരു പൊന്‍തൂവല്‍ ആയേനേ…പക്ഷെ…എല്ലാം ആ അഞ്ച് റന്‍സിനകലെ നഷ്ടമായി..

അന്ന് ഞങ്ങള്‍ ജയിച്ചിരുന്നുവെങ്കില്‍ ശ്രീലങ്കയ്ക്ക് ഫൈനലില്‍ ഞങ്ങളെ തോല്‍പ്പിക്കാന്‍ ഒരു വഴിയുമില്ലെന്ന് എനിക്കറിയാമായിരുന്നു. അത്രയ്ക്ക് ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു
മത്സരശേഷം ഡ്രസിങ് റൂമില്‍ പൂര്‍ണ നിശബ്ദതയായിരുന്നു. ഒരു മനുഷ്യനും ഒരക്ഷരം മിണ്ടിയില്ല. എന്ത് പറയണമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു..

പക്ഷേ ആ തോല്‍വിക്ക് കാരണം എന്താണെന്ന് എനിക്ക് ഇന്നും പിടി കിട്ടിയിട്ടില്ല… ആ അഞ്ച് റണ്‍സ് കൂടി നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്റെ ക്രിക്കറ്റ് ജീവിതം പൂര്‍ണമാകുമായിരുന്നുവെന്ന് ഞാന്‍ ഇന്നും പറയുന്നു.’ അതേ ആസ്ട്രേലിയക്ക് എതിരെ നേടാന്‍ കഴിയാത്ത ആ അഞ്ചു റണ്ണുകള്‍ അംബ്രോസിനെ വേട്ടയാടിയ പോലെ ഈ കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ നേടാന്‍ കഴിയാത്ത ആ അഞ്ച് റണ്ണുകള്‍ തന്നെയും വേദനിപ്പിക്കുന്നു എന്ന് ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞത് ഇന്നലെയാണ്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍