"ഇതാണ് ശരിയായത്"; ഒടുവിൽ സൂര്യകുമാറും സ‍ഞ്ജുവിനെ കൈയൊഴിഞ്ഞു

ഹൊബാർട്ടിലെ ബെല്ലെറൈവ് ഓവലിൽ മികച്ച ചേസിന് ശേഷം ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര സമനിലയിലാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. മത്സരത്തിലെ ടീം കോമ്പിനേഷനിൽ സൂര്യകുമാർ തികഞ്ഞ തൃപ്തി പ്രകടിപ്പിച്ച് ഇതാണ് ശരിയായ ടീമെന്ന് വിധിയെഴുതി. ഇതോടെ സ‍ഞ്ജുവിന്റെ റോളിന് മേൽ കരിനിഴൽ വീണിരിക്കുകയാണ്.

പരമ്പരയിലെ മുന്‍ മത്സരത്തില്‍ തിളങ്ങാന്‍ കഴിയാതെ പോയ സഞ്ജുവിന് പകരം ബാക്കപ്പ് കീപ്പറായ ജിതേഷ് ശര്‍മയെയാണ് മൂന്നാം ടി20യില്‍ ഇന്ത്യ ഇറക്കിയത്. ലഭിച്ച അവസരം നന്നായി മുതലെടുത്ത ജിതേഷ് മികച്ച ബാറ്റിം​ഗുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

മൂന്നാം മത്സരത്തില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. സഞ്ജുവിന് പകരം ജിതേഷ് ശര്‍മ ടീമിലെത്തിയപ്പോള്‍ കുല്‍ദീപിന് പകരം വാഷിം​ഗ്ടണ്‍ സുന്ദറും ഹര്‍ഷിത് റാണയ്ക്ക് പകരം അര്‍ഷ്ദീപ് സിം​ഗുമാണ് പ്ലെയിം​ഗ് ഇലവനിലെത്തിയത്. ഈ കോമ്പിനേഷനുകള്‍ ശരിയായിരുന്നെന്നാണ് മത്സര ശേഷം സൂര്യ പറഞ്ഞത്.

Read more

‘പുറത്തിരുന്ന താരങ്ങളെല്ലാം കഠിനമായി പരിശീലിക്കുകയും അവരുടെ അവസരത്തിനായി കാത്തിരിക്കുകയും ചെയ്യുകയായിരുന്നു. വാഷി മികച്ച വഴക്കം കാണിച്ചു. ജിതേഷ് മികച്ച സംഭാവന നല്‍കുകയും ചെയ്തു. ഇതാണ് ശരിയായ കോമ്പിനേഷനാണെന്ന് തോന്നുന്നു. ബുംറയും അര്‍ഷ്ദീപും മികച്ച ജോഡിയാണ്, ശുഭ്മാൻ- അഭിഷേക് എന്നിവരെപ്പോലെ. ബുംറ നിശബ്ദമായി തന്റെ ജോലി നന്നായി ചെയ്യുമ്പോള്‍ അര്‍ഷ്ദീപ് മറുവശത്ത് കിട്ടിയ അവസരം നന്നായി മുതലെടുക്കുകയാണ്. അവര്‍ ഇരുവരും അപകടകരമായ ഒരു കോമ്പിനേഷനാണ്,’ സൂര്യകുമാർ പറഞ്ഞു.