'ഇത് ഓസ്‌ട്രേലിയയാണ്, ഞങ്ങളുടെ ടീം അത്രയ്ക്കും ശക്തരാണ്'; ടി-20 ലോകകപ്പിൽ ടീമുകൾക്ക് മുന്നറിയിപ്പുമായി പാറ്റ് കമ്മിൻസ്

ഈ മാസം ഏഴാം തിയതി മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് എല്ലാ ടീമുകളും. ഇത്തവണ ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

ഇപ്പോഴിതാ ടി-20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയന്‍ ടീമില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് സംസാരിച്ചിരിക്കുകയാണ് പാറ്റ് കമ്മിന്‍സ്. പരിക്ക് കാരണം കമ്മിന്‍സ് ടി20 ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. തന്റെ അഭാവത്തിലും കിരീടം നേടാന്‍ ഓസീസ് ടീം സജ്ജരാണെന്നാണ് കമ്മിന്‍സ് അവകാശപ്പെടുന്നത്.

‘ടി20 ടൂര്‍ണമെന്റുകള്‍ എപ്പോഴും തമാശയാണ്. അവിടെ ജയിക്കാന്‍ ശരിക്കും സാധ്യതയുള്ള അഞ്ച് ടീമുകള്‍ ഉണ്ടാകും. പക്ഷേ ആര്‍ക്കും ആരെയും എപ്പോള്‍ വേണമെങ്കിലും തോല്‍പ്പിക്കാന്‍ സാധിക്കും. സൂപ്പര്‍ എട്ടില്‍ എത്തണമെങ്കില്‍ ആദ്യ റൗണ്ടുകള്‍ വലിയ പരിക്കില്ലാതെ കടന്നുകൂടിയാല്‍ മതി. അവിടെയാണ് നിങ്ങള്‍ക്ക് പൂര്‍ണമായി ഫിറ്റ്‌നസുള്ള താരങ്ങളെ ആവശ്യമായുള്ളത്’

Read more

‘ജോഷിനെ പോലുള്ളവര്‍ ഫോമിലേക്ക് തിരിച്ചെത്തുന്നുണ്ട്. പലതാരങ്ങളും ബിഗ് ബാഷില്‍ മികച്ച പ്രകടനവും പുറത്തെടുത്തിട്ടുണ്ട്. അവര്‍ക്ക് ലോകകപ്പിലും തിളങ്ങാന്‍ കഴിയും. 2021 ലോകകപ്പില്‍ ഞങ്ങള്‍ മോശം ഫോമിലായിരുന്നു. എന്നിട്ടുപോലും ഞങ്ങള്‍ കിരീടം നേടി. ഫോം കണ്ടെത്താന്‍ ഓസ്‌ട്രേലിയയ്ക്ക് അധികം പിറകോട്ട് നോക്കേണ്ടതില്ല. മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ലോകത്തിലെ ഏറ്റവും ശക്തരായ ഓപ്പണര്‍മാരാണ്. ശ്രീലങ്കയിലും ഇന്ത്യയിലും ആദം സാംപ കഴിവ് തെളിയിച്ചിട്ടുള്ള മാച്ച് വിന്നറാണ്. മധ്യനിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ടിം ഡേവിഡും ഉണ്ട്. ഒരു മത്സരം ഒറ്റയ്ക്ക് നിന്ന് വിജയിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കും’, കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.