മുന്‍നിര ടീമുകളുടെ കൈയില്‍ കിട്ടിയാല്‍ ഇന്ത്യ തീരും, ബോളര്‍മാര്‍ അടികൊണ്ട് തളരും; ചൊറിയന്‍ വിലയിരുത്തലുമായി പാക് താരം

ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുമ്പോഴും ഇന്ത്യന്‍ ടീം സുരക്ഷിത സോണിലല്ലെന്ന വിലയിരുത്തലുമായി പാകിസ്ഥാന്‍ മുന്‍ താരം കമ്രാന്‍ അക്മല്‍. ഇന്ത്യയുടെ ബോളിംഗ് യൂണിറ്റ് ദുര്‍ബലമാണെന്നും ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങളില്‍ ബോളര്‍മാര്‍ പതറുമെന്നും അക്മല്‍ പറഞ്ഞു.

ഇന്ത്യയുടെ ഇപ്പോഴത്തെ ബോളിംഗ് യൂണിറ്റ് ബാറ്റിംഗിനു അനുകൂലമായ സാഹചര്യങ്ങളില്‍ പതറുക തന്നെ ചെയ്യും. പ്രത്യേകിച്ചും മുന്‍നിര ടീമുകള്‍ക്കെതിരേയായിരിക്കും തിരിച്ചടി നേരിടുക. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനില്‍ ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.

ഉമ്രാന്‍ മാലിക്ക് ഓരോ മല്‍സരം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും ഇന്ത്യയുടെ മാച്ച് വിന്നറാണ് താനെന്നു അവന്‍ തെളിയിക്കും. ജസ്പ്രീത് ബുംറ ടീമിലേക്കു തിരിച്ചെത്തിയാല്‍ ഇന്ത്യന്‍ ബോളിംഗ് ലൈനപ്പ് വളരെ കരുത്തുറ്റതായി മാറും.

ഇന്ത്യ പ്രതിരോധിച്ചും റണ്‍സ് ചേസ് ചെയ്തും വിജയിച്ചിട്ടുണ്ടെന്നത് നല്ല കാര്യം. റണ്‍ചേസിനാണ് അവര്‍ പ്രാധാന്യം നല്‍കുന്നതെന്നു നമ്മള്‍ നേരത്തേ കണ്ടിട്ടുള്ളതാണ്. എന്നിരുന്നാലും ലോകകപ്പിനു മുമ്പ് എല്ലാ ബോക്സുകളും ടിക്ക് ചെയ്യാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്- അക്മല്‍ വിലയിരുത്തി.