നിങ്ങൾ കരുതുന്നത് പോലെയല്ല കാര്യങ്ങൾ, പരമ്പരയിൽ ഇന്ത്യ ജയിക്കാൻ കാരണം അവന്റെ മികവ്; അപ്രതീക്ഷിത പേര് പറഞ്ഞ് ബിസിസിഐ പ്രസിഡന്റ്

നായകൻ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ അഭിനന്ദിച്ച ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി രംഗത്ത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര വിജയിക്കാൻ ഇന്ത്യയെ സഹായിച്ചത് രോഹിത്തിന്റെ തന്ത്രങ്ങൾ ആണെന്നുള്ള അഭിപ്രായമാണ് ബിസിസിഐ പ്രസിഡന്റ് പറഞ്ഞത്. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യ പരമ്പരയിൽ മനോഹരമായ തിരിച്ചുവരവ് നടത്തി ജയം സ്വന്തമാക്കുക ആയിരുന്നു.

ഹൈദരാബാദിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 28 റൺസിന് പരാജയപ്പെട്ടിരുന്നു. ആ സമയത്ത് ഇംഗ്ലണ്ട് വളരെ ശക്തമായ നിലയിൽ ആയിരുന്നു. പരമ്പര വളരെ എളുപ്പത്തിൽ ബെൻ സ്റ്റോക്സ് നായകൻ ടീം സ്വന്തമാക്കുന്ന രീതിയിൽ ആളുകൾ വിശ്വസിക്കുകയും ചെയ്തു. എന്നിരുന്നാലും, ഇന്ത്യ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി, തുടർച്ചയായി മൂന്ന് ടെസ്റ്റുകൾ വിജയിച്ചു. ക്ഷമയോടെയുള്ള കളിയാണ് ഇന്ത്യൻ നായകൻ കളിച്ചതെന്നും അത് മാസ്റ്റർ സ്‌ട്രോക്കായി മാറിയെന്നും ബിന്നി പറഞ്ഞു.

ധർമ്മശാലയിൽ പിടിഐയോട് സംസാരിച്ച ബിന്നി, ഇംഗ്ലണ്ട് ഒരിക്കലും തങ്ങളുടെ കളിശൈലി മാറ്റിയിട്ടില്ലെന്നും ആക്രമണാത്മകമായി കളി തുടർന്നുവെന്നും രോഹിത് ക്ഷമയോടെ വിശാഖം, രാജ്‌കോട്ട്, റാഞ്ചി എന്നിവിടങ്ങളിൽ വിജയത്തിനായി ശ്രമിച്ചുവെന്നും പറഞ്ഞു. “ആദ്യ ടെസ്റ്റിന് ശേഷം ഇംഗ്ലണ്ട് അവരുടെ പദ്ധതികൾ മാറ്റിയതായി ഞാൻ കരുതുന്നില്ല. രോഹിത് കൂടുതൽ ക്ഷമയോടെയാണ് പരമ്പരയിൽ ഉടനീളം നിന്നത്. ഇംഗ്ലണ്ട് നേടിയ ആദ്യ റെറ്റിലെ വിജയമൊക്കെ അവൻ മറന്നു. പിന്നെയുള്ള ടെസ്റ്റിൽ ജയിക്കാനുള്ള തന്ത്രങ്ങൾ ഒരുക്കി ”ബിന്നി പറഞ്ഞു.

തോൽവിക്ക് ഇംഗ്ലണ്ട് സ്വയം പഴിചാരണമെന്നും ബിംനി പറഞ്ഞു. “ഫലത്തിൽ ഇംഗ്ലണ്ട് സ്വയം കുറ്റപ്പെടുത്തണം. അഞ്ചാം ടെസ്റ്റിൽ രാവിലെ നന്നായി തുടങ്ങിയ അവർ പിന്നീട് എറിഞ്ഞുടച്ചു. പരമ്പരയിലെ അവരുടെ കഥ ഇതായിരുന്നു. ഇത് വളരെ ഏകപക്ഷീയമായ പരമ്പരയാണ്. ആദ്യ മത്സരത്തിന് ശേഷം ഇന്ത്യ പരമ്പരയിൽ ആധിപത്യം സ്ഥാപിച്ചു.” ബിന്നി വാക്കുകൾ അവസാനിപ്പിച്ചു.