തിങ്കളാഴ്ച വിരാട് കോഹ്‌ലി ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ, 2027 ലെ ലോകകപ്പ് വരെ താരം കളിക്കളത്തിൽ തുടരുമോ എന്നതാണ് ആരാധകർ ആശങ്കപ്പെട്ട കാര്യം . അടുത്തിടെ വിരമിച്ച രോഹിത് ശർമ്മയുടെ കാര്യവും ഇതുതന്നെയാണ് കാരണം അടുത്ത ടൂർണമെന്റ് വരുമ്പോഴേക്കും ഇരുവർക്കും 38 ഉം 40 ഉം വയസ്സ് പ്രായമുണ്ടാകും.
എന്തായാലും 2027 ലോകകപ്പ് സമയത്ത് വിരാടും രോഹിതും ടീമിനൊപ്പം ഉണ്ടാകില്ല എന്ന് പറഞ്ഞിരിക്കുകയാണ് സുനിൽ ഗവാസ്‌ക്കർ. കഴിഞ്ഞ ഒരു വർഷത്തിനിടെ, രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ടി20 ലോകകപ്പ് നേടി, തുടർന്ന് ചാമ്പ്യൻസ് ട്രോഫി വിജയിച്ചു. കോഹ്‌ലി 2011 ഏകദിന ലോകകപ്പ് നേടിയ ടീമിൽ ഉണ്ടായിരുന്നെങ്കിലും ഇരുവരും ഒന്നിച്ച് ആ കിരീടം ജയിക്കാൻ ആഗ്രഹിക്കുന്നുണ്ട്.
എന്തായാലും ഇന്ത്യൻ ഇതിഹാസം പറഞ്ഞത് ഇങ്ങനെ :
” അവർ നല്ലത് പോലെ പ്രകടനം നടത്തുന്ന രണ്ട് താരങ്ങളാണ്. 2027 ഏകദിന ലോകകപ്പ് ടീമിലേക്ക് സെലക്ടർമാർ നോക്കും. അവർ രോഹിത്തിനെയും കോഹ്‍ലിയെയും പരിഗണിക്കുമ്പോൾ ഈ താരങ്ങൾക്ക് മികവ് കാണിക്കാൻ പറ്റുമോ, ആ സമയത്ത് മികവ് നിലനിർത്താൻ പറ്റുമോ എന്നുള്ളത് അന്വേഷിക്കും.”
“അതായിരിക്കും സെലക്ഷൻ കമ്മിറ്റിയുടെ ചിന്താ പ്രക്രിയ. സെലക്ഷൻ കമ്മിറ്റി ‘അതെ, അവർക്ക് കഴിയും’ എന്ന് കരുതുന്നുവെങ്കിൽ, അവർ രണ്ടുപേരും ടീമിൽ ഉണ്ടാകും ” ഗവാസ്കർ സ്പോർട്സ് ടുഡേയോട് പറഞ്ഞു. ” അതേസമയം വ്യക്തിപരമായി ഇരുവരും ടീമിൽ ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല. പ്രായം തന്നെയാണ് പ്രശ്നം. പക്ഷെ ഫോമിൽ ഇരുവരും കളിക്കുക ആണെങ്കിൽ, സെഞ്ചുറികൾ നേടുക ആണെങ്കിൽ ഇവരെ തടയാൻ ആർക്കും കഴിയില്ല.” അദ്ദേഹം പറഞ്ഞു നിർത്തി.
അതേസമയം ഇനി ഏകദിനത്തിൽ മാത്രം കളിക്കുന്നതിനാൽ ലോകകപ്പിന് ഒരുങ്ങാൻ ഇവർക്ക് കാര്യാമായ സമയം മുന്നിൽ ഉണ്ട്.