അവന്മാർ എന്നേക്കാൾ മികച്ചവരായിരുന്നു, അപ്പോഴാണ് യുവി ഭായ് എന്നോട് ആ കാര്യം പറഞ്ഞത്: അഭിഷേക് ശർമ്മ

ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ താങ്കളുടെ ഒൻപതാം കിരീടം സ്വന്തമാക്കിയിരുന്നു. ടൂർണമെന്റിൽ ഉടനീളം തകർപ്പൻ പ്രകടനം നടത്തിയ താരമായിരുന്നു ഓപണർ അഭിഷേക് ശർമ്മ. ഏഷ്യ കപ്പിലെ പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയതും അദ്ദേഹമാണ്. കോവിഡ് കാലത്ത് യുവരാജ് സിംഗിന്റെ ക്യാമ്പ് ഉണ്ടായിരുന്നെന്നും, അന്ന് അദ്ദേഹം നൽകിയ പ്രോത്സാഹനത്തെ കുറിച്ചും പറഞ്ഞിരിക്കുകയാണ് യുവ ഓപണർ.

അഭിഷേക് ശർമ്മ പറയുന്നത് ഇങ്ങനെ:

‘ഈ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് ഞങ്ങള്‍ക്ക് യുവരാജ് സിങ്ങിന്റെ ക്യാമ്പുണ്ടായിരുന്നു. ഞാന്‍, ശുഭ്മന്‍, പ്രഭ്‌സിമ്രാന്‍, അന്മോള്‍പ്രീത് എന്നിങ്ങനെ കുറച്ചുപേരുണ്ടായിരുന്നു. ആ സമയത്ത് ആ ക്യാംപ് എനിക്ക് അത്യാവശ്യമായിരുന്നു, കാരണം ഞാന്‍ കരിയറില്‍ അല്‍പ്പം ബുദ്ധിമുട്ടുന്ന സമയമായിരുന്നു അത്.

‘ഐപിഎല്ലില്‍ എനിക്ക് സ്ഥിരതയുണ്ടായിരുന്നില്ല. സ്ഥിരമായി പ്ലേയിങ് ഇലവനില്‍ പോലും എനിക്ക് സ്ഥാനമുണ്ടായിരുന്നില്ല. ശുഭ്മന്‍ അന്നേ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. അവരേക്കാള്‍ ഞാന്‍ പിന്നിലാണ് എന്ന തോന്നലുണ്ടായിരുന്നു. എന്റെ വയസിലുള്ളവര്‍ ഇതിനോടകം തന്നെ എന്നെക്കാള്‍ മെച്ചപ്പെട്ട നിലയിലായിരുന്നു’

Read more

‘ഒരിക്കല്‍ ലഞ്ച് കഴിക്കുന്നതിനിടെ യുവി പാജി എന്നോട് പറഞ്ഞു. നിന്നെ ഞാന്‍ റെഡിയാക്കുന്നത് സംസ്ഥാന ടീമില്‍ കളിക്കാനോ ഐപിഎല്‍ കളിക്കാനോ ഇന്ത്യന്‍ ടീമില്‍ എത്താനോ പോലുമല്ല. ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ നിനക്ക് കഴിയണം. ഇത് എഴുതിവെച്ചോളൂ അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കുകയും ചെയ്യുമെന്നും പാജി പറഞ്ഞു. ആ ഒരൊറ്റ സംഭാഷണമാണ് എന്റെ ലക്ഷ്യം തിരിച്ചറിയാന്‍ സഹായിച്ചത്’ അഭിഷേക് ശർമ്മ പറഞ്ഞു.