ഈ താരങ്ങള്‍ക്ക് ഐപിഎല്‍ കോടികള്‍ ഉണ്ടാക്കാനുള്ള പണപ്പെട്ടി മാത്രമല്ല ; ഇന്ത്യന്‍ ടീമിലേക്കുള്ള കച്ചിത്തുരുമ്പ് കൂടിയാണ്...!!

ഉദ്്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുന്നതോടെ ഐപിഎല്ലില്‍ കളിതുടങ്ങുകയാണ്. എന്നാല്‍ ഐപഎല്ലില്‍ കളിക്കുന്ന ചില താരങ്ങള്‍ക്ക് ഫ്രാഞ്ചൈസി ടൂര്‍ണമെന്റ് വെറുതേ കോടികള്‍ സമ്പാദിക്കാനുള്ള വേദി മാത്രമല്ല. അടുത്ത ലോകകപ്പിലേക്ക് ഇന്ത്യന്‍ ടീമിനുള്ള കച്ചിത്തുരുമ്പ് കൂടിയാണ്.

ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നെങ്കിലും ഫോം മങ്ങിയതിനെ തുടര്‍ന്ന് ടീമിന് പുറത്താകുകയും ചെയ്ത കളിക്കാര്‍ക്കാണ് കഴിവ് തെളിയിച്ച് ഇന്ത്യന്‍ ടീമില്‍ തിരിച്ചുവരാന്‍ അവസരമാകുന്നത്. ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇവരില്‍ പ്രമുഖന്‍. കഴിഞ്ഞ ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന് പുറത്തു നില്‍ക്കുന്ന പാണ്ഡ്യ ഐപിഎല്ലിലേക്ക് വരുന്നത് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിട്ടാണ്. ഇന്ത്യയുടെ മൂന്നു ഫോര്‍മാറ്റിലേക്കുമുള്ള ടീമിലെ സ്ഥിരസാന്നിദ്ധ്യമാണ് ഹര്‍ദിക് പാണ്ഡ്യ.

ബൗളിംഗിലും ബാറ്റിംഗിലും മികവ് തെളിയിച്ച് ഏതു വിധേനെയും സെലക്ടര്‍മാരുടെ കണ്ണില്‍പെടുക എന്ന ലക്ഷ്യം കൂടി താരത്തിനുണ്ട്. ശ്രീലങ്കയ്ക്ക് എതിരേയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ബാറ്റിംഗില്‍ മോശം ഫോമിലുള്ള ഇന്ത്യന്‍ ബാറ്റര്‍ അജിങ്ക്യാ രഹാനേയും പാണ്ഡ്യയെ പോലെ ഇന്ത്യന്‍ ടീമിന് പുറത്താണ്. ഐപിഎല്ലില്‍ താരത്തെ എടുത്തിരിക്കുന്നത്് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. ഐപിഎല്ലില്‍ കാണിക്കുന്ന മികവ് അനുസരിച്ചായിരിക്കും താരത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള യാത്രയും.

Read more

ലോകത്തെ വലിയ ടിട്വന്റി ലീഗില്‍ 151 മത്സരങ്ങളാണ് താരം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 3941 റണ്‍സും നേടിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനായി ആദ്യ മത്സരത്തില്‍ സഞ്ച്വറി നേടിയ രഹാനേ ഇന്ത്യന്‍ ടീമിനായി മൂന്ന് ഫോര്‍മാറ്റിലും കളിച്ച താരമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ നമ്പര്‍വണ്‍ താരമാണ് രവിചന്ദ്രന്‍ അശ്വിന്‍. എന്നാല്‍ വെള്ളപ്പന്ത് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിന് പുറത്താണ് താരം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടീമില്‍ ഉണ്ടായിരുന്നെങ്കിലൂം അനേകം യുവതാരങ്ങള്‍ ടീമില്‍ എത്താന്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ടീം ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ഐപിഎല്ലില്‍ കാട്ടുന്ന മികവ് താരത്തിനും പ്രധാനമാണ്. രാജസ്ഥാന്‍ റോയല്‍സിലാണ് അശ്വിന്‍ കളിക്കുന്നത്.