എന്റെ റോൾ കളിക്കാൻ പറ്റിയ ഒരു താരമേ ഇപ്പോൾ ഇന്ത്യയിൽ ഉള്ളു, അവൻ എന്നെ പോലെ തന്നെ സമർത്ഥനാണ്; ഇന്ത്യൻ താരത്തെ പുകഴ്ത്തി യുവരാജ് സിംഗ്

ടി20 ക്രിക്കറ്റിലെ മികച്ച ബാറ്റിംഗിന് റിങ്കു സിംഗിനെ മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ് അഭിനന്ദിച്ചു. ഐ‌പി‌എൽ 2023 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മാച്ച് വിന്നിംഗ് പ്രകടനം നടത്തിയതിന് ശേഷം, റിങ്കു ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുക ആയിരുന്നു, ഫിനിഷിങ് റോളിൽ ബാറ്റ് ചെയ്യുന്ന റിങ്കു ഇന്ത്യക്കായി ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും തന്നെ മികച്ച പ്രകടനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ ടി 20 സ്‌കോറുകൾ ഇങ്ങനെയാണ്- 38, 37, 22, 31, 46, 6, 68, 14, 16, ഇതുവരെ ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 69.50 എന്ന മികച്ച ശരാശരിയിൽ 278 റൺസ് നേടി. മൊഹാലിയിൽ നടന്ന ആദ്യ ടി20യിൽ ഇന്ത്യ ആറ് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ബാറ്റർ മികച്ച സംഭാവന നടത്തിയിരുന്നു.

ഇപ്പോഴിതാ റിങ്കു തന്നെപ്പോലെയാണെന്നും ഇപ്പോൾ രാജ്യത്തെ ഏറ്റവും മികച്ച ഇടംകയ്യൻ ബാറ്ററാണെന്നും യുവരാജ് പറഞ്ഞു. റിങ്കുവിന് സമ്മർദത്തിൽ സമർത്ഥമായി കളിക്കാൻ കഴിയുമെന്നും ആക്രമണ മനോഭാവം ഉണ്ടെന്നും പറഞ്ഞ യുവരാജ് താരത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:

“ഇപ്പോൾ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഇടംകൈയ്യൻ അവനാണ് . അവൻ എന്നെത്തന്നെ ഓർമ്മിപ്പിക്കുന്നു. റിങ്കുവിന് സമ്മർദത്തിൽ റൺസ് നേടാനും എപ്പോൾ വലിയ ഷോട്ടുകൾ അടിക്കണമെന്ന് അറിയാനും കഴിയും. അവൻ ഒരു മാച്ച് വിന്നർ ആണ്. അവൻ സമ്മർദ്ദം ഒന്നും ഇല്ലാതെയാണ് കളിക്കുന്നത്. ഇന്ത്യൻ ടീമിനായി ഞാൻ ചെയ്‌തത് ചെയ്യാൻ അദ്ദേഹത്തിന് കഴിവും കഴിവും ഉണ്ട്. അയാൾക്ക് അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ തിളങ്ങാൻ സാധിക്കും ” യുവരാജ് ദ ടെലിഗ്രാഫിനോട് പറഞ്ഞു.

ഓസ്‌ട്രേലിയക്ക് എതിരെ അടുത്തിടെ സമാപിച്ച ടി 20 പരമ്പരയിൽ ഇന്ത്യ ജയം സ്വന്തമാക്കിയപ്പോൾ അന്ന് റിങ്കു വലിയ രീതിയിൽ ഉള്ള പങ്ക് വഹിച്ചിരുന്നു. ഓരോ മത്സരങ്ങളും ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ കളിക്കാൻ സാധിക്കുന്നു എന്നതാണ് റിങ്കുവിനെ വ്യത്യസ്തനാക്കുന്ന കാര്യം. ആദ്യ പന്ത് മുതൽ ആക്രമിക്കുക എന്ന തന്ത്രത്തോടൊപ്പം വിക്കറ്റുകൾ പോകൂന്നതിന് അനുസരിച്ച് തന്റെ രീതികൾ മാറ്റാനും താരത്തിന് സാധിക്കുന്നു. കൂടാതെ അഫ്ഗാനെതിരായ ആദ്യ ടി 20 യിലും മിന്നൽ ബാറ്റിംഗിലൂടെ തിളങ്ങിയിരുന്നു.