'അവനെ നേരിടാന്‍ അവരെക്കൊണ്ടൊന്നും പറ്റില്ല'; ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ച് പാക് മുന്‍ പ്രധാനമന്ത്രി

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം മഴ മുടക്കിയങ്കിലും ഇന്ത്യന്‍ ബാറ്റിംഗ് നിരയും പാക് പേസ് നിരയും തമ്മിലുള്ള പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് ഭാഗ്യമുണ്ടായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ തുടക്കത്തില്‍ വിറപ്പിച്ച പാക് ബോളര്‍മാരെയും പിന്നീട് ആ ബോളിംഗ് നിരയെ ധീരതയോടെ നേരിട്ട ഇന്ത്യന്‍ യുവബാറ്റിംഗ് നിരയെയും ക്രിക്കറ്റ് ലോകം കണ്ടു.

മത്സരത്തില്‍ സീനിയര്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടപ്പോള്‍ യുവനിരയുടെ കരുത്തിലാണ് ഇന്ത്യ 266 എന്ന മോശമല്ലാത്ത സ്‌കോറിലെത്തിയത്. മത്സരത്തില്‍ ഷഹീന്‍ അഫ്രീദിയുടെ മുമ്പിലാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര തലകുനിച്ചത്.

ആദ്യം രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കിയ ഷഹീന്‍ അഫ്രീദി തൊട്ടടുത്ത ഓവറില്‍ വിരാട് കോഹ്‌ലിയെയും ബൗള്‍ഡാക്കി. രണ്ടാം വരവില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ ഹാര്‍ദ്ദിക് പാണ്ഡ്യയെയും രവീന്ദ്ര ജഡേജയെയും കൂടി ഷഹീന്‍ പുറത്താക്കി.

ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മക്കും വിരാട് കോഹ്‌ലിക്കുമെതിരെ ഒളിയമ്പെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പാക് മുന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ‘അവര്‍ക്കൊന്നും അവനെ നേരിടാനാവില്ല’ എന്നാണ് ഷഹബാസ് എക്‌സില്‍ കുറിച്ചത്.