ധോണി മടങ്ങി വരാനുള്ള സാധ്യതകൾ കുറവാണ്, അദ്ദേഹം വന്നാൽ ചിലപ്പോൾ ടീമിന്റെ നിലവിലുള്ള ബാലൻസ് തെറ്റും'; വിവാദ പ്രസ്താവനയുമായി ആർ അശ്വിൻ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 8 വിക്കറ്റ് ജയം. ഇതോടെ ചെന്നൈയുടെ പ്ലെഓഫ് സാധ്യതകൾ കൂടി. മലയാളി താരം സഞ്ജു സാംസന്റെ മികവിലാണ് ചെന്നൈക്ക് വിജയിക്കാൻ സാധിച്ചത്.

52 പന്തില്‍ 87 റണ്‍സെടുത്ത സഞ്ജു ഇന്നിങ്‌സില്‍ ആറുസിക്‌സും ഏഴ് ഫോറും നേടി. സഞ്ജുവിനൊപ്പം കാര്‍ത്തിക് ശര്‍മയും പോരാടി. 31 പന്തില്‍ കാര്‍ത്തിക് ശര്‍മ നേടിയത് 41 റണ്‍സ്. രണ്ടുസിക്‌സും നാലുഫോറും ഇന്നിങ്‌സിലുണ്ടായിരുന്നു. ഉര്‍വില്‍ പട്ടേലും രണ്ടു സിക്‌സുകളോടെ 17 റണ്‍സെടുത്തു.

ഇപ്പോഴിതാ എം എസ് ധോണി ഇനി ചെന്നൈയ്ക്ക് വേണ്ടി കളിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് ചെന്നൈയുടെ മുൻ താരം കൂടിയായ ആർ അശ്വിൻ. ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചാൽ മാത്രമേ ഇനി ധോണി മൈതാനത്ത് ഇറങ്ങാൻ സാധ്യതയുള്ളൂ എന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

“ധോണി തിരിച്ചെത്തിയാൽ ടീമിന്റെ നിലവിലെ ബാലൻസ് മാറും. അത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം മടങ്ങിവരാനുള്ള സാധ്യത വളരെ കുറവാണ്. അടുത്ത മൂന്ന് കളികളിൽ രണ്ടെണ്ണം ചെന്നൈ തോറ്റാൽ ഒരുപക്ഷേ ചെന്നൈയിൽ വെച്ച് അദ്ദേഹത്തിന് ഒരു വിടവാങ്ങൽ മത്സരം നൽകിയേക്കാം,” അശ്വിൻ വ്യക്തമാക്കി.