അവരുടെ ബോളിംഗ് യൂണിറ്റ് മികച്ചതാണ്, ദേവിന് പ്രഷർ കൊടുക്കാതെയിരിക്കാൻ വേണ്ടി ഞാൻ സ്ഥിരതയോടെ കളിച്ചു: വിരാട് കോഹ്ലി

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു അഞ്ച് വിക്കറ്റ് വിജയം. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ആർസിബി. വിരാട് കോഹ്ലി, ദേവദത്ത് പടിക്കൽ എന്നിവരുടെ മികവിലാണ് ആർസിബിക്ക് വിജയിക്കാൻ സാധിച്ചത്. ഗുജറാത്തിനു വേണ്ടി സായി സുദർശൻ സെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല.

44 പന്തില്‍ നാലു സിക്‌സും എട്ടുഫോറും ഉള്‍പ്പടെയാണ് കോഹ്ലി 81 റണ്‍സെടുത്തത്. ദേവ്ദത്ത് പടിക്കല്‍ ആറു സിക്‌സും രണ്ടുഫോറും ഉള്‍പ്പടെയാണ് 55 റണ്‍സ് നേടിയത്. 20 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ദേവ്ദത്ത് പടിക്കലിന്റെയും കോഹ്ലിയുടെയും ഇന്നിങ്‌സ് ബെംഗളൂരുവിന്റെ സ്‌കോറിങ് വേഗത്തിലാക്കി.

ഇരുവരും ചേര്‍ന്നുള്ള രണ്ടാംവിക്കറ്റ് കൂട്ടുകെട്ട് 59 പന്തില്‍ 115 റണ്‍സാണ് എടുത്തത്. കളിയുടെ ഗതി മാറ്റിയ കൂട്ടുകെട്ടായി മാറി ഇത്. ക്യാപ്റ്റന്‍ രജത് പാട്ടിദാറും ജിതേഷ് ശര്‍മയും ആഞ്ഞടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. രജത് പാട്ടിദാര്‍ എട്ടുറണ്‍സെടുത്ത് മടങ്ങി. ജിതേഷ് ശര്‍മ 10 റണ്‍സാണ് ടീം സ്‌കോറിലേക്ക് സംഭാവന ചെയ്തത്. ഓപ്പണര്‍ ജേകബ് ബെതല്‍ 14 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ക്രുണാല്‍ പാണ്ഡ്യയുടെ മികവാണ് ആര്‍സിബിയുടെ ജയം വേഗത്തിലാക്കിയത്. മത്സരശേഷം കോഹ്ലി സംസാരിച്ചു.

സത്യം പറഞ്ഞാൽ ഞങ്ങൾ വിക്കറ്റുകൾ വിലയിരുത്തി, കാരണം അവർക്ക് മികച്ച ബോളിങ് യൂണിറ്റ് ഉണ്ട്. കൂടാതെ ചിന്നസ്വാമിയിൽ 200 മുകളിൽ റൺസും സ്കോർ ചെയ്യണം. ഒരു മികച്ച പാർട്ണർഷിപ്പ് ഉണ്ട്നെകിൽ കാര്യങ്ങൾ എളുപ്പമാകും എന്ന് എനിക്ക് ഉറപ്പായിരുന്നു. ഇത് രണ്ടാം തവണയാണ് ദേവ് ടീമിന് വേണ്ടി നിർണായക പ്രകടനം പുറത്തെടുക്കുന്നത്. അവൻ സ്വന്തന്ത്രമായിട്ടാണ് കളിച്ചത്. ഞാൻ നിലയുറപ്പിച്ച് കളിക്കാൻ ശ്രമിച്ചു അതുകൊണ്ട് തന്നെ ദേവിന് ഒരു പ്രഷറും തോന്നില്ല’ വിരാട് കോഹ്ലി പറഞ്ഞു.