ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ തങ്ങളുടെ ഒൻപതാം കിരീടം സ്വന്തമാക്കിയിരുന്നു. എന്നാൽ മത്സര ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അംഗവും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗവുമായ മൊഹ്സിൻ നഖ്വിയുടെ കൈയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. ഇതോടെ ട്രോഫിയുമായി മൊഹ്സിൻ നഖ്വി പോകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ. ഏഷ്യാ കപ്പ് ഉടൻ തന്നെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതീക്ഷിക്കുന്നത്. മുംബൈയിലെ ബിസിസിഐ ഹെഡ്‌ക്വാർട്ടേഴ്സിൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ തന്നെ ട്രോഫി എത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും ദേവജിത് സൈകിയ അറിയിച്ചു.
“ഒരു മാസത്തിന് ശേഷവും ഏഷ്യാ കപ്പ് ട്രോഫി കൈമാറാത്തതിൽ ഞങ്ങൾ അസന്തുഷ്ടരാണ്. 10 ദിവസം മുൻപ് ഞങ്ങൾ ഐസിസി ചെയർമാന് കത്തെഴുതിയിരുന്നു. എന്നാൽ അവരുടെ നിലപാടിൽ യാതൊരു മാറ്റമൊന്നുമുണ്ടായില്ല. ട്രോഫി ഇപ്പോഴും അവർ അവരുടെ കൈവശം തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ ട്രോഫി മുംബൈയിലെ ബിസിസിഐ ഓഫീസിലെത്തുമെന്ന് ഞാൻ കരുതുന്നു. തന്നില്ലെങ്കിൽ നവംബർ നാലിന് ദുബായിൽ നടക്കുന്ന ഐസിസി യോഗത്തിൽ ഇക്കാര്യം പരാതിപ്പെടും”
Read more
“ഈ വിഷയം കൈകാര്യം ചെയ്യാൻ ബിസിസിഐ പൂർണ്ണമായും തയ്യാറാണ്, ട്രോഫി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. എപ്പോഴാണ് അത് എത്തുക എന്നത് ഉറപ്പായിട്ടില്ല. പക്ഷേ, ഒരു ദിവസം ട്രോഫി ഉറപ്പായും ഇന്ത്യയിലെത്തും”, സൈകിയ പറഞ്ഞു.







