കഥയിലെ വില്ലന്‍ ഇന്ത്യയല്ല, പിന്തുണ അറിയിച്ച് ഹുസൈന്‍

മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റ് ഉപേക്ഷിച്ചതിന് പഴികേള്‍ക്കുകയാണ് ഇന്ത്യന്‍ താരങ്ങളും ബിസിസിഐയും ഐപിഎല്ലും. ബ്രിട്ടീഷ് മാധ്യമങ്ങളും മുന്‍ കളിക്കാരും ഇന്ത്യയെ കുറ്റപ്പെടുത്തുന്നതില്‍ മുന്നില്‍ നിന്നു. എന്നാല്‍ വിഷയത്തില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍.

കഥയുടെ ആ ഭാഗത്തെ വില്ലന്‍ ഇന്ത്യയല്ല. ഇടവേളകളില്ലാത്ത മത്സരക്രമമാണ് പ്രശ്‌നക്കാരന്‍. ശരിക്കും പെട്ടുപോയത് കാണികളാണ്. മാഞ്ചസ്റ്ററിലേക്കുള്ള ട്രെയിന്‍ നിറയെ കളി കാണാന്‍ ടിക്കറ്റെടുത്ത ആരാധകരായിരുന്നു. ആരാധകര്‍ക്ക് ഏറ്റവും ഒടുവിലായാണ് നാം പരിഗണന നല്‍കുന്നത്- ഹുസൈന്‍ പറഞ്ഞു.

മാഞ്ചസ്റ്റര്‍ ടെസ്റ്റ് അവസാനിച്ച് നാലു ദിവസം കഴിഞ്ഞാല്‍ ഐപിഎല്‍ തുടങ്ങും. അതിനാല്‍ ടെസ്റ്റിന്റെ ഷെഡ്യൂള്‍ പുന:ക്രമീകരിക്കുന്നത് അസാധ്യം. ലോക ക്രിക്കറ്റിന്റെ ഇന്നത്തെ അവസ്ഥയെയാണ് അതു വെളിവാക്കുന്നതെന്നും ഹുസൈന്‍ പറഞ്ഞു.