ഒരാള്‍ പുറത്തിരുന്നേ മതിയാകൂവെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന് ടീമിന് പുറത്തിരിക്കാനായിരുന്നു വിധി. അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് പരക്കെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്‌സ് നയം വ്യക്തമാക്കുന്നു.

പരമ്പരയില്‍ 1-0ത്തിന് മുന്നില്‍ നില്‍ക്കുന്നതിനാല്‍ തന്നെ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുക പ്രയാസകരം. ഇതുവരെയുള്ള ടീം തെരഞ്ഞെടുപ്പില്‍ വിരാട് കോഹ്ലിയെയും മാനെജ്‌മെന്റിനെയും എല്ലാവരും പിന്തുണച്ചിട്ടുണ്ട്. പതിനൊന്നുപേരെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. അതിനാല്‍ ഒരാള്‍ പുറത്തിരുന്നേ മതിയാകൂ- റോഡ്‌സ് പറഞ്ഞു.

ടീം സംബന്ധിച്ച തീരുമാനം ക്യാപ്റ്റന്റേതാണ്. ഇരുപത് വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയുന്ന താരങ്ങള്‍ ഇവരാണെന്ന് വിശ്വസിക്കുന്നത് ക്യാപ്റ്റനാണ്. സീം ബൗളര്‍മാരെ മാത്രം ഉള്‍പ്പെടുത്താനായിരിക്കും വിരാട് തീരുമാനിച്ചിരിക്കുക. അതുകൊണ്ട് അശ്വിന്റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചതായി കരുതുന്നില്ല. ടീമിന്റെ സംതുലിതാവസ്ഥയ്ക്കാവും വിരാട് പ്രാധാന്യം നല്‍കുന്നതെന്നും റോഡ്‌സ് പറഞ്ഞു.