പാകിസ്ഥാനിൽ ഉള്ള താരങ്ങൾ അസൂയ നിറഞ്ഞവർ, അക്കാര്യത്തിൽ ഇന്ത്യൻ താരങ്ങളാണ് അടിപൊളി; തുറന്ന് പറഞ്ഞ് പാകിസ്ഥാൻ സൂപ്പർതാരം

പാകിസ്ഥാന്‍ ക്രിക്കറ്റില്‍ യുവതാരങ്ങളുടെ വളര്‍ച്ചയില്‍ സീനിയര്‍ താരങ്ങള്‍ക്ക് അസൂയയാണെന്ന് പാക് താരം അഹമ്മദ് ഷെഹ്‌സാദ്. ഇന്ത്യന്‍ ക്രിക്കറ്റിനെ നല്ല മാതൃകയായി ചൂണ്ടിക്കാണിച്ചാണ് ഷെഹ്‌സാദിന്റെ വിമര്‍ശനം. എംഎസ് ധോണിയില്‍ നിന്ന് നല്ല പിന്തുണ ലഭിച്ചതുകൊണ്ടാണ് വിരാട് കോഹ്‌ലിക്ക് മികച്ച താരമാകാനായതെന്ന് ഷെഹ്‌സാദ് പറഞ്ഞു.

‘ഞാന്‍ ഇത് മുമ്പ് പറഞ്ഞിട്ടുണ്ട്, ഞാന്‍ ഇത് വീണ്ടും പറയാം. എംഎസ് ധോണിയെ കണ്ടെത്തിയതിന് ശേഷം കോഹ്ലിയുടെ കരിയര്‍ അതിശയകരമായി ഉയര്‍ന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇവിടെ പാകിസ്ഥാനില്‍ സ്വന്തം ആളുകളുടെ തന്നെ വിജയം ചിലര്‍ക്ക് സഹിക്കാന്‍ കഴിയില്ല.’

‘അവര്‍ സ്വന്തം താരങ്ങളുടെ നേട്ടങ്ങള്‍ക്കൊപ്പം നില്‍ക്കില്ല. ഞങ്ങളുടെ സീനിയര്‍ താരങ്ങള്‍ക്കും മുന്‍ താരങ്ങള്‍ക്കും യുവതാരങ്ങള്‍ നേട്ടങ്ങള്‍ കൊയ്യുന്നതും വിജയം കാണുന്നതും ഇഷ്ടപ്പെടുന്നില്ല. അവര്‍ അതില്‍ അസൂയപ്പെടുകയാണ് ചെയ്യുന്നത്. ഇത് പാകിസ്ഥാന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ഭാഗ്യകരമാണ്.’

‘കഴിഞ്ഞ രണ്ട് വര്‍ഷമായി കോഹ്ലി ഫോമിനായി പാടുപെടുകയാണ്. അതേസമയം ഇവിടെ എന്നെ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ടീമില്‍നിന്ന് ഒഴിവാക്കി. ഫൈസലാബാദ് ടൂര്‍ണമെന്റില്‍ പ്രകടനം നടത്താന്‍ എന്നോട് പറഞ്ഞു. അവിടെ ഏറ്റവും മികച്ച സ്‌കോറര്‍ ഞാനായിരുന്നു, എന്നിട്ടും എനിക്ക് മറ്റൊരു അവസരം ലഭിച്ചില്ല’ ഷെഹ്‌സാദ് പറഞ്ഞു.