മൂന്നാം ദിനം ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കാന്‍ സഹായിച്ച പ്ലാന്‍; വെളിപ്പെടുത്തി സിറാജ്

മൂന്നാം ടെസ്റ്റിന്റെ മൂന്നാംദിനം ആര്‍ അശ്വിന്റെ അഭാവത്തില്‍ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുക ഇന്ത്യക്കു കടുപ്പമാകുമെന്നാണ് പൊതുവേ കരുതപ്പെട്ടത്. എന്നാല്‍ ചര്‍ച്ചകളെയെല്ലാം കാറ്റില്‍ പറത്തി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് മത്സരത്തില്‍ മേല്‍ക്കൈ നേടിക്കൊടുത്തു. വെറും 95 റണ്‍സ് മാത്രം വിട്ടുകൊടുത്ത് എട്ടു വിക്കറ്റുകള്‍ ഇന്ത്യ പിഴുതു. ഇതില്‍ നാലും വീഴ്ത്തിയത് സിറാജായിരുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കാന്‍ സഹായിച്ച പ്ലാന്‍ എന്തായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സിറാജ്.

ഞങ്ങള്‍ക്കു നാലു ബോളര്‍മാര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ക്ക് ഉത്തരവാദിത്വവുമുണ്ടായിരുന്നു. ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ആക്രമിക്കുമെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഒറ്റക്കെട്ടായി നില്‍ക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു.

അവരുടെ ഭാഗത്തു നിന്നും തെറ്റ് സംഭവിക്കുമെന്ന് അറിയുകയും ചെയ്യാമായിരുന്നു. ഞങ്ങള്‍ കൂടുതലായൊന്നും പ്ലാന്‍ ചെയ്തിരുന്നില്ലെന്നതാണ് സത്യം. ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ പിഴവ് വരുത്തുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. യോര്‍ക്കറുകള്‍ വിക്കറ്റുകളെടുക്കാനുള്ള നല്ലൊരു ഓപ്ഷനാണെന്നു അറിയാമായിരുന്നു.

ആറു ഡോട്ട് ബോളുകള്‍ എറിയുകയെന്നതാണ് ഒരു ബോളറുടെ പ്രധാനപ്പെട്ട റോള്‍. ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്കു തുടര്‍ച്ചയായി ആറു ഡോട്ട് ബോളുകള്‍ കളിക്കുകയെന്നത് അത്ര പരിചയമുള്ള കാര്യമല്ലെന്നു ഞങ്ങള്‍ക്കു അറിയുകയും ചെയ്യാമായിരുന്നു. രണ്ടാം ടെസ്റ്റില്‍ വിശ്രമം ലഭിച്ചപ്പോള്‍ ഞാന്‍ കുടുംബത്തോടൊപ്പമായിരുന്നു. അവര്‍ക്കൊപ്പം അവധി നന്നായി ആഘോഷിച്ചു.

കൂടാതെ ഞാന്‍ പരിശീലനവും ഈ ബ്രേക്കിനിടെ നടത്തിയിരുന്നു. മാത്രമല്ല വീട്ടിലിരുന്ന് കഴിഞ്ഞ ടെസ്റ്റ് മല്‍സരം കാണുകയും ജസ്പ്രീത് ബുംറയുടെ ബൗളിങ് ആസ്വദിക്കുകയും ചെയ്തു- സിറാജ് കൂട്ടിച്ചേര്‍ത്തു.