തോൽവിക്ക് പിന്നാലെ പന്തിനും കൂട്ടർക്കും അടുത്ത പണി, ഇത് ചോദിച്ച് മേടിച്ചത്

ഇന്നലെ രാജസ്ഥാന്‍ റോയൽസിനെതിരെയുള്ള ഡൽഹി ക്യാപിറ്റൽസിന്റെ സംഭവ ബഹുലമായ അവസാന ഓവറിൽ ടീം അംഗങ്ങള്‍ നടത്തിയ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് പിഴയും വിലക്കും വിധിച്ച് ഐസിസിയുടെ ഗവേണിംഗ് കൗൺ‍സിൽ. ക്രീസിൽ ഉണ്ടായിരുന്ന ബാറ്റ്സ്മാനോട് തിരികെ കയറാൻ ആവശ്യപെട്ടത്, ഗ്രൗണ്ടിലേക്ക് തീരുമാനം ചോദ്യം ചെയ്യാൻ ഇറങ്ങിയത്, അമ്പയറുമാരുടെ തീരുമാനത്തെ ചോദ്യം ചെയ്യൽ ഉൾപ്പടെ കുറ്റം നിരവധിയാണ്.

നായകൻ പന്തിനും സഹതാരം താക്കൂറിനും പിഴ, പ്രവീൺ ആംറേയ്ക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്കും പിഴയും കിട്ടിയിരിക്കുന്നത്. ഋഷഭ് പന്തിന് മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തി. ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.7 പ്രകാരം ലെവൽ 2 കുറ്റമാണ് പന്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പന്തിന്റെ സഹതാരവും ഓൾറൗണ്ടറുമായ ശാർദുൽ താക്കൂറിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും ചുമത്തി.

അസിസ്റ്റന്റ് കോച്ച് പ്രവീൺ ആംറേയ്ക്കും മാച്ച് ഫീയുടെ 100 ശതമാനമാണ് പിഴ ചുമത്തിയത്. ആംറേയ്ക്കും ഒരു മത്സര വിലക്കുമുണ്ട്. ആർട്ടിക്കിൾ 2.2 പ്രകാരം ലെവൽ 2 കുറ്റം ആംരെയും ഏറ്റുപറഞ്ഞ് ശിക്ഷ ഏറ്റുവാങ്ങാൻ സമ്മതം അറിയിച്ചതായാണ് റിപ്പോർട്ട്.

അമ്പയര്‍ നോബോൾ അനുവദിക്കാത്തതിനെ തുടർന്ന് ക്രീസിലുണ്ടായിരുന്ന റോവൻ പവലിനെയും കുൽദീപ് യാദവിനെയും റിഷഭ് പന്ത് തിരികെ വിളിച്ചു. പന്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയിരിക്കുന്നത്.